തൊടുപുഴ: വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാവകുപ്പ് അമൃതം പദ്ധതിയിലൂടെ പ്രതിരോധ ഔഷധങ്ങൾ നൽകുന്നു. നിരീക്ഷണത്തിലുള്ളവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ആയുർവേദ പ്രതിരോധ ഔഷധങ്ങൾ ഉപയോഗിച്ച് പകർച്ചവ്യാധികൾ തടയുന്നതിനെക്കുറിച്ച് ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സമ്മതത്തോടെയാണ് ഔഷധങ്ങൾ നൽകുന്നത്. അവരെ നിരന്തരം നിരീക്ഷിച്ചാണ് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നത്. ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ ആയുർവേദ കോവിഡ് റെസ്‌പോൺസ് സെല്ലാണ്.

ഔഷധ സസ്യപ്രദർശനം ഇന്ന്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊടുപുഴയിലെ ജില്ലാ ആയുർവേദാശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഔഷധസസ്യങ്ങൾ കാണാനും ഗുണങ്ങൾ മനസിലാക്കാനും സൗകര്യമുണ്ടാകുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി. കെ. ഷൈലജ അറിയിച്ചു.