തൊടുപുഴ: കേരളമൊട്ടാകെ കാർഷിക പ്രശ്‌നങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് നിൽപ്പ് സമരം നടത്തി. കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകും വരെ കത്തോലിക്ക കോൺഗ്രസ് സമരം തുടരുമെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. നിൽപ്പ്സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ രാജ്യത്തിന് അതിജീവിക്കാൻ സർക്കാർ കർഷകരോട് സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ നടന്ന നിൽപ്പ് സമരത്തിൽ കോതമംഗംലം രുപത ട്രഷറർ ജോൺ മുണ്ടൻകാവിൽ, ഭാരവാഹികളായ ജോർജ് അരയകുന്നേൽ, മെജോ കുളപ്പുറത്ത്, ജോൺ തയ്യിൽ, സണ്ണി മാത്യു, മേരി ആന്റണി എന്നിവർ പങ്കെടുത്തു.
നേതാക്കൾക്കെതിരെ പൊലീസ് കേസ്
സമരം നടത്തിയ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾക്കെതിര കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, കോതമംഗലം രൂപത ട്രഷറർ ജോൺ മുണ്ടൻകാവിൽ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. എല്ലാ നിയന്ത്രണങ്ങളും പാലിച്ച് നടത്തിയ നിൽപ്പ് സമരത്തിനെതിരെ കേസെടുത്ത് ഇല്ലായ്മ ചെയ്യാമെന്ന് സർക്കാർ വ്യാമോഹിക്കരുതെന്ന് ബിജു പറയന്നിലം പറഞ്ഞു.