തൊടുപുഴ: ഹരിതകേരളത്തിന്റെ പച്ചത്തുരുത്ത് പദ്ധതി ജില്ലയിൽ രണ്ടാംഘട്ടത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്ര അങ്കണത്തിൽ വൈവിധ്യമാർന്ന ഹരിതവത്കരണ പരിപാടികളാണ് പരിസ്ഥിതി ദിനമായ ഇന്ന് നടത്തുന്നത്. പഞ്ചായത്ത് പരിസരത്ത് പച്ചത്തുരുത്ത്, പച്ചപ്പുൽ നട്ടുപിടിപ്പിക്കൽ, ആശുപത്രി വക ഭൂമിയുടെ അതിർത്തിയിലുടനീളം മുളംതൈകൾ വച്ചുപിടിപ്പിക്കൽ എന്നിവയാണ് വാഴത്തോപ്പ് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്നത്. പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ജില്ലാ കളക്ടർ മുഖ്യാതിഥിയാകും. ജില്ലയിൽ 50 പച്ചത്തുരുത്തുകളാണ് ലഭ്യമെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു. ഇടുക്കിയുടെ പച്ചപ്പും ഹരിതാഭയും കാത്തുസൂക്ഷിക്കുന്നതിനായി പുഴയോരങ്ങളിലും മറ്റും മുളം തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി, കന്നുകാലി വളർത്തൽ കൂടി പ്രോൽസാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് തീറ്റപ്പുൽ നട്ടുപിടിപ്പിക്കുന്ന പച്ചപ്പ് പദ്ധതി എന്നിവയും പുരോഗമിക്കുകയാണ്.

പച്ചത്തുരുത്ത് പദ്ധതിയെന്ത്

പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത ഇടങ്ങൾ കണ്ടെത്തി അവിടെ ഫലവൃക്ഷങ്ങളുടെയുൾപ്പടെയുള്ളവ നട്ടുപിടിപ്പിച്ച് ചെറിയ സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കുകയെന്നതാണ് പച്ചത്തുരുത്ത് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മൂന്നുവർഷത്തെ തുടർപരിചരണം കൂടി ഉറപ്പാക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം, അടിമാലി, പെരുവന്താനം, കൊക്കയാർ, കുമളി, നെടുങ്കണ്ടം പഞ്ചായത്തുകളിലായി 13 പച്ചത്തുരുത്തുകൾ ജില്ലയിൽ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ മറയൂർ, ചിന്നക്കനാൽ, മാങ്കുളം, അടിമാലി, കാന്തല്ലൂർ തുടങ്ങിയ 18 പഞ്ചായത്തുകളിലായി 23 പച്ചത്തുരുത്തുകൾക്ക് അനുമതി ലഭിച്ചു.