കട്ടപ്പന: കാലവർഷം ദുർബലമായി തുടരുന്നത് പുതിയ സീസണിലെ ഏലക്കാ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും. ജില്ലയിലെ പ്രധാന ഏലം കാർഷിക മേഖലകളിലൊന്നും തുടർച്ചയായി മഴ ലഭിച്ചിട്ടില്ല. ജില്ലയിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ചില ദിവസങ്ങളിലെ ഒറ്റപ്പെട്ട മഴ ഒഴിച്ചുനിർത്തിയാൽ ഹൈറേഞ്ചിൽ കാലവർഷം ദുർബലമായി തുടരുകയാണ്. തുടർച്ചയായി മഴ ലഭിച്ചെങ്കിൽ മാത്രമേ ഏലക്കാ ഉൽപാദനം കൂടുകയുള്ളൂ. പുതിയ സീസണിനു മുന്നോടിയായി കവാത്ത്, ചുവടൊരുക്കൽ, കീടനാശിനി തളിക്കൽ തുടങ്ങിയ ജോലികൾ ഏലത്തോട്ടങ്ങളിൽ അവസാനഘട്ടത്തിലാണ്. തമിഴ് തൊഴിലാളികൾ ഇല്ലാത്തതിനാൽ തദ്ദേശീയരായ പണിക്കാരാണ് തോട്ടങ്ങളിൽ ജോലി ചെയ്യുന്നത്. ജില്ലയിലെ തോട്ടങ്ങളിൽ ഭൂരിഭാഗവും തമിഴ് തൊഴിലാളികളായിരുന്നു. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണമുള്ളതിനാൽ ഇവർക്ക് എത്തിച്ചേരാൻ കഴിയാത്തത് കർഷകരെയും തോട്ടമുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കുശേഷം സർട്ടിഫിക്കറ്റോടെ ഇവർക്ക് തോട്ടങ്ങളിലെത്തി ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് കർഷക സംഘടനകൾ നിവേദനം നൽകിയിട്ടുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. തുടർച്ചയായി മഴ ലഭിക്കാത്തതിനാൽ തോട്ടങ്ങളിലെ ജലസ്രോതസുകളിലും ജലസേചനത്തിനാവശ്യമായ വെള്ളമില്ല. മഴ കുറയുന്നത് ഈ വർഷത്തെ ഏലക്ക ഉത്പ്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഏലച്ചെടികളിൽ അഴുകൽ രോഗമുണ്ടാകാതിരിക്കാൻ ബോർഡോ മിശ്രിതം തളിക്കുന്നതു ഉൾപ്പെടെയുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്.


വില കുറയുന്നു

സ്‌പൈസസ് ബോർഡിന്റെ ഇലേലത്തിൽ ഏലക്കാ വില കുറഞ്ഞു. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ ശരാശരി വില 230 രൂപയും ഉയർന്ന വില 380 രൂപയും കുറഞ്ഞു. കുമളി സ്‌പൈസ് മോർ ട്രേഡിംഗ് കമ്പനിയുടെ ലേലത്തിൽ 62 ലോട്ടുകളിലായി 12,055 കിലോഗ്രാം ഏലക്കായാണ് പതിഞ്ഞത്. ലോക്ക് ഡൗണിനോടനുബന്ധിച്ച് ഏലക്കാവില താത്കാലികമായി നിർത്തിയപ്പോൾ 2359 രൂപയായിരുന്നു ശരാശരി വില. രണ്ടുമാസത്തിനുശേഷം ലേലം പുനരാരംഭിച്ചെങ്കിലും വിൽപനയ്‌ക്കെത്തുന്ന ഏലക്കായുടെ അളവ് വർദ്ധിച്ചിട്ടില്ല.