തൊടുപുഴ: വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് എ.എസ്.‌ഐ തുണികൾ കടത്തിക്കൊണ്ടുപോയെന്ന പരാതി. ഇടുക്കി ബോംബ് സ്‌ക്വാഡിലെ എ.എസ്.‌ഐയ്ക്ക് എതിരെയാണ് അന്വേഷണം. തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തെ ന്യൂ ലിനൻ പാലസ് ഉടമയാണ് തൊടുപുഴ സി.ഐയ്ക്ക് പരാതി നൽകിയത്. ബുധനാഴ്ച വൈകിട്ട് 5.30 നായിരുന്നു സംഭവം. എ.എസ്.‌ഐ കടയുടെ സമീപത്തെ ഗോവണിയിലൂടെ മുകൾനിലയിലെത്തി. അലക്കി ഇസ്തിരിയിടാൻ നിരവധി ലിനൻ തുണികൾ മുകൾനിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്നു. ഈ മുറിയിൽ ഇയാൾ പ്രവേശിച്ചു. ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഗോവണിയിലൂടെ തിരികെയിറങ്ങി വാഹനത്തിൽ കയറാൻ ശ്രമിച്ചു. മുറിയിൽ കയറിയതിനെക്കുറിച്ച് ആരാഞ്ഞെങ്കിലും മറുപടി നൽകിയില്ല. പകരം ധാർഷ്ഠ്യത്തോടെ വാഹനത്തിൽ കയറി പോയി. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. കടയുടമയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു.