തൊടുപുഴ: ജില്ലയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയാക്കുന്നത് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിലെത്തിച്ച് ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നത്. എന്നാൽ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവിടെ തൊഴിലാളികൾ കൂട്ടംകൂടുകയാണ്. ഇന്നലെ രാവിലെ തൊടുപുഴയിലെ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെടാനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ തിക്കുംതിരക്കുമുണ്ടാക്കിയാണ് ബസിൽ കയറിയത് . സാമൂഹിക അകലം തീരെ പാലിക്കാതെ ഇവർ കൂട്ടംകൂടുകയായിരുന്നു. റവന്യൂ വകുപ്പ് അധികൃതരാണ് ഇവരുടെ പട്ടിക വായിച്ച് ബസിൽ കയറ്റുന്നത്. ഇവരെ നിയന്ത്രിക്കാൻ പൊലീസോ മറ്റ് അധികൃതരോ ഇവിടെയില്ലായിരുന്നു. വിരലിലെണ്ണാവുന്ന എണ്ണം മാത്രമുള്ള ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്.