മുട്ടം: പെരുമറ്റത്ത് പുഴയുടെ തീരത്തേക്ക് പകൽ സമയങ്ങളിൽ മാലിന്യം തള്ളുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മിനി വാനിൽ കൊണ്ടുവന്ന ചാക്ക് കണക്കിന് മാലിന്യം പുഴയോരത്തേക്ക് തള്ളി. അന്യസംസ്ഥാന തൊഴിലാളികളുടെ രൂപസാദൃശ്യമുള്ള രണ്ട് യുവാക്കളാണ് യാതൊരു സങ്കോചവും ഇല്ലാതെ റോഡിൽ നിന്നും പുഴയോരത്തേക്ക് മാലിന്യം തള്ളിയത്. ഇതു വഴി വന്നവരുടെ ശ്രദ്ധയിൽ പെട്ടതോടെ മുട്ടം ഭാഗത്തേക്ക് വാഹനം ഓടിച്ച് പോയി. ഈ പ്രദേശത്ത് നിരന്തരം മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.വിജനമായ പ്രദേശം എന്ന നിലയിലാണ് സുരക്ഷിതമായി പലരും മാലിന്യം തള്ളുന്നത്.ഇവിടെ വീഴുന്ന മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.