കട്ടപ്പന: പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ മൂന്നര ലക്ഷം വ്യക്ഷത്തൈകൾ വിതരണം ചെയ്യും. വനം വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നഴ്‌സറികളിലാണ് തൈകൾ ഉൽപാദിപ്പിച്ചത്. തേക്ക്, മണിമരുത്, നീർമരുത്, താന്നി, ഉങ്ങ്, കൂവളം, പ്ലാവ്, വാളൻപുളി, പേര, അത്തി, കറിവേപ്പ്, കണിക്കൊന്ന തുടങ്ങി 25 ഇനം തൈകൾ ജില്ലയിൽ വിതരണം ചെയ്യും. ജില്ലയിലെ തൊടുപുഴ പാറേമ്മാവ്, മൂന്നാർ, അടിമാലി, മുരിക്കാട്ടുകുടി എന്നിവടങ്ങളിലാണ് വനം വകുപ്പിന്റെ നഴ്‌സറികൾ. മുരിക്കാട്ടുകുടി നഴ്‌സറിയിൽ തയാറാക്കിയ തൈകൾ കട്ടപ്പന, അഴുത, നെടുങ്കണ്ടം ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിൽ കൃഷിഭവനുകളുടെ സഹകരണത്തോടെ നൽകും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 30 വരെ തൈകൾ വിതരണം ചെയ്യും.