ഇടുക്കി: ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ പാൽ അളന്ന ക്ഷീരകർഷകർക്ക് കൊവിഡ് 19 പ്രത്യേക ധനസഹായ പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം നടത്തുന്നതിനു അർഹരായ ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രിൽ മാസത്തിൽ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന കർഷകരാണ് ഗുണഭോക്താക്കൾ. 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നൽകുന്നത്.പ്രതിദിനം 10 ലിറ്റർ വരെ പാൽ അളന്ന ക്ഷീരകർഷകർക്ക് (കാറ്റഗറി എ ) പരമാവധി 2 ചാക്കും , 11 മുതൽ 20 ലിറ്റർ വരെ പാൽ അളന്നവർക്ക് (കാറ്റഗറി ബി ) പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളിൽ പാൽ അളന്നവർക്ക് (കാറ്റഗറി സി ) പരമാവധി 5 ചാക്കും ആണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. ഗുണഭോക്താക്കൾ ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള ഡി ബി ടി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. അർഹരായ ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 10 നുള്ളിൽ ക്ഷീരസംഘത്തിൽ നൽകണമെന്ന് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.