dam

തൊടുപുഴ: കുത്തിയൊഴുകുന്ന മലവെള്ളം... എങ്ങും പ്രളയത്തിന്റെ ഭീകരത... രണ്ട് വർഷം മുൻപ് ആഗസ്റ്റിൽ ചെറുതോണി പാലത്തിലൂടെ കൈക്കുഞ്ഞിനെയും എടുത്ത് ഓടുന്ന ദുരന്ത നിവാരണസേന ഉദ്യോഗസ്ഥന്റെ ചിത്രം ആരും മറക്കാനിടയില്ല.

മഹാപ്രളയത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്. ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനായ സൂരജായിരുന്നു (തക്കുടു) ആ കുഞ്ഞ്.

അഞ്ച് വയസ് എത്തിയ സൂരജ് ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. അന്ന് താരമായ തക്കുടുവിനെ ഏറ്റെടുക്കാനും വീടുവച്ച് നൽകാനും പലരും മുന്നോട്ട് വന്നിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു പ്രളയപ്പേടിയിൽ നിൽക്കുമ്പോഴും വിജയരാജിന്റെ പണി പൂർത്തിയാക്കാത്ത പഴയ വീട്ടിൽ തന്നെയാണ് ഇവർ ഇപ്പോഴും കഴിയുന്നത്. ഇവർ മാത്രമല്ല അന്ന് മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും വീട് നഷ്ടപ്പെട്ട പലർക്കും ഇന്നും കിടപ്പാടമില്ല. ഭാഗികമായി വീട് തകർന്ന കോട്ടയിൽ രുക്മിണി, പുത്തൻപുരയിൽ സ്മിത, അമ്പിയിൽ പൊന്നപ്പൻ, പുത്തണൻപുരയിൽ മണി, കിഴക്കേൽ അപ്പു, കൊച്ചുതെക്കേൽ സന്തോഷ് തുടങ്ങി നിരവധി പേരാണ് പ്രളയത്തിൽ വീട് നഷ്‌ടമായി മഞ്ചികല്ലിലെ സർക്കാർ ക്വാർട്ടേഴ്സിൽ അന്തിയുറങ്ങുന്നത്. അന്ന് പൂർണമായി വീട് തകർന്നവർക്ക് മാത്രമാണ് പുതിയ വീട് ലഭിച്ചത്. ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് ചെറിയ തുകയാണ് ലഭിച്ചതെന്നും നാട്ടുകാർ പറയുന്നു. പ്രളയബാധിത മേഖലയിലായതിനെല്ലാം ഇവർ സർക്കാർ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.

മറക്കാനാവാത്ത ദിവസം

ആഗസ്റ്റ് 10 ന് ഉച്ചയോടെ കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുകാരനെയുമെടുത്ത് വിജയരാജ് അതിശക്തമായ മഴ വകവയ്ക്കാതെയാണ് പാലത്തിനിക്കരെയെത്തിയത്. പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുട്ടിയെ വാങ്ങി ഞൊടിയിടകൊണ്ട് മറുകരയെത്തിക്കുകയായിരുന്നു. മറുകരയെത്തി തിരിഞ്ഞു നോക്കിയപ്പോൾ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നെന്ന് വിജയരാജ് പറയുന്നു.

എല്ലാം ഭദ്രമാണെന്ന് ജില്ലാ ഭരണകൂടം

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ പഠന പ്രകാരം സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലകളിൽ മുൻപന്തിയിലാണ് ജില്ല. ഇടുക്കി അണക്കെട്ടിൽ പതിവിലും കൂടുതൽ വെള്ളമുണ്ട്. കഴിഞ്ഞ വർഷത്തേത് പോലെ ശക്തമായ മഴ ലഭിച്ചാൽ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായേക്കാം. ഇങ്ങനെ വന്നാൽ ചെറുതോണി, വെള്ളക്കയം, തടിയമ്പാട്, കരിമ്പൻ, ചുരുളി, ചേലച്ചുവട്, കീരിത്തോട്, പാംബ്ല മേഖലകളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. എന്നാൽ അതിന് വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഡാം തുറക്കേണ്ടി വന്നാൽ 2018ലെ പോലെ വെള്ളം കരകവിഞ്ഞൊഴുകില്ല. ഇതിനായി ചെറുതോണി പുഴയിലെ കല്ലുകളെല്ലാം നീക്കി ഒഴുക്ക് സുഗമമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.