തൊടുപുഴ: രണ്ടു ദിവസമായി ജില്ലയിൽ മഴ ശക്തിപ്പെട്ടിട്ടുണ്ട്. ഇന്നലെ 14.72 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. പീരുമേടാണ് കൂടുതൽ മഴ ലഭിച്ചത്- 29 മില്ലി മീറ്റർ. ദുരന്തസാധ്യത മുന്നിൽ കണ്ട് ദേശീയ ദുരന്തനിവാരണ പ്രതിരോധ സേനയുടെ ആദ്യ സംഘവും ജില്ലയിലെത്തി. വ്യാഴാഴ്ചയാണ് 25 പേരടങ്ങുന്ന സംഘം ജില്ലാ ആസ്ഥാനത്തെത്തിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ജില്ലയിൽ കൂടുതലായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലയായാണ് ഇടുക്കിയെ കണക്കാക്കുന്നത്. 2018ലെ മഹാ പ്രളയസമയത്ത് മാത്രം ജില്ലയിൽ ഉണ്ടായത് ചെറുതു വലുതുമായ 270 ഉരുൾപൊട്ടലുകളാണ്. ഒട്ടേറെപേർക്ക് ഉരുൾപൊട്ടലിൽ ജീവഹാനി നേരിട്ടിരുന്നു. ഈ വർഷവും മഴയുടെതോത് കൂടുതലായിരിക്കുമെന്ന കാലാവസ്ഥ പ്രവചനവും കൂടി കണക്കിലെടുത്താണ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ- താലൂക്ക് തലങ്ങളിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഏകോപിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിനു പുറമെ ഓരോ താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കാലവർഷം മൂലം മണ്ണിടിച്ചിലോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുന്നതിനു മുന്നോടിയായി പ്രശ്‌ന സാധ്യതമേഖലകളിൽ നിന്നും ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക താലൂക്ക് തലത്തിൽ തയ്യാറാക്കി. ഇവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. ഇവയുടെ താക്കോൽ റവന്യു ഉദ്യോഗസ്ഥർ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കും.
മഴയുടെ അളവ് (മില്ലിമീറ്ററിൽ)
ഉടുമ്പഞ്ചോല- 6.8 എം.എം
ദേവികുളം-1.3
പീരുമേട്-29
തൊടുപുഴ- 22.3
ഇടുക്കി- 14.2
ശരാശരി- 14.72
ഇടുക്കി ഡാമിലെ ജലനിരപ്പ്- 2336.86 അടി
മുലപ്പെരിയാർ- 112 മീറ്റർ