sand

ചെറുതോണി: പുഴ ശുചീകരണത്തിന്റെ മറവിൽ മണൽ കടത്തുന്നതായി പരാതി. കഴിഞ്ഞ വർഷങ്ങളിൽ പല പുഴകളിലും മണ്ണ്, കല്ല്, എക്കൽ എന്നിവ അടിഞ്ഞുകൂടി പുഴകൾ നികന്ന് കരയും പുഴയും ഒരുപോലെ എന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ഈ വർഷം ശക്തമായ
മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പുഴകളിലെ തടസങ്ങൾ മാറ്റി വെള്ളത്തിന്റ ഒഴുക്ക് സുഗമമാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുകയും ഇതിനുള്ള തുക സർക്കാർ പഞ്ചായത്തുകൾക്ക് നൽകുകയും ചെയ്തു. ഇതനുസരിച്ച് മരിയാപുരം പഞ്ചായത്ത് പുഴശുചീകരണം നടത്തുന്നത്. വെള്ളമൊഴുകുന്നതിന് തടസമുള്ള പ്രദേശത്തുനിന്നല്ല മണലുകടത്തുന്നതെന്നും ആരോപണമുണ്ട്. ശുചീകരണത്തിന്റെ മറവിൽ കരാറുകാരനുമൊത്ത് മണൽ കൊണ്ടുപോകുകയാണ് അധികൃതർ. ഈ മണ്ണ് പൂട്ടി പോയ പാറമടയിൽ സൂക്ഷിക്കുകയാണ്. എന്നാൽ ഇതിന് വ്യക്തമായ കണക്കൊന്നും ഇല്ലെന്ന് പറയുന്നു. ഇതിൽ കൂടുതൽ ഭാഗം മണലും മറ്റു പലർക്കും മറിച്ചു വിൽക്കുന്നതായും ആരോപണമുണ്ട്. ചെറുതോണിയിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ പകുതിഭാഗം മരിയാപുരം പഞ്ചായത്തിലും പകുതി വാഴത്തോപ്പ് പഞ്ചായത്തിലുമാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ പുഴയുടെ ഭാഗം ശുചീകരിക്കാൻ തുടങ്ങി. വെള്ളക്കയം മുതൽ കരിമ്പൻ പാലം വരെയുള്ള പ്രദേശമാണ് മരിയാപുരം പഞ്ചായത്തതിർത്തിയിലുള്ളത്. പത്തിലധികം ടിപ്പർ ലോറികളിലാണ് മണൽ കൊണ്ടുപോയിക്കെണ്ടിരിക്കുന്നത്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് മണൽ വാരുന്നതെന്ന് സമീപവാസികളാരോപിച്ചു. പാംബ്ലയിൽ നിർമിതിയുടെ നേതൃത്വത്തിൽ മണൽ വാരിവിൽക്കാൻ സർക്കാർ ഉത്തരവുണ്ടായിട്ടും മാനദണ്ഡങ്ങൾ പാലിക്കാത്തതുമൂലം നിറുത്തിവച്ചിരിക്കുകയാണ്.
.കാലവർഷമാരംഭിച്ചതിനാൽ പെരിയാറ്റിൽ വെള്ളമുയരാൻ തുടങ്ങും അതിന് മുമ്പ് പുഴ ശുചീകരിക്കണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നത്. റവന്യൂ, ഫോറസ്റ്റ് വകുപ്പുകൾസംയുക്തമായി തീരുമാനമെടുക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും മണൽകടത്തുന്നതിനെതിരെ ഒരു വിഭാഗം പരാതി നൽകാനൊരുങ്ങുകയാണ്.