തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ സസ്യ പ്രദർശനവും വൃക്ഷത്തെ വിതരണവും നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് പി. കുരുവിള ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധരായ ഡോക്ടർമാരുടെയും പ്രത്യേക പരിശീലനം സിദ്ധിച്ച ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിലാണ് പ്രദർശനം നടന്നത്.
ആവശ്യമുള്ളവർക്ക് ഔഷധത്തെകൾ സൗജന്യമായി നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. പ്രധാനമായും കൊവിഡ്- 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തിനുതകുന്ന ഔഷധച്ചെടികളാണ് ഉൾപ്പെടുത്തിയിരുന്നത്. വീട്ടുമുറ്റത്തും വളപ്പിലും വച്ചുപിടിപ്പിക്കാവുന്ന അപൂർവങ്ങളായ ദശപുഷ്പങ്ങൾ പോലെയുള്ള ഔഷധസസ്യങ്ങൾ വളരെ ജനശ്രദ്ധയാകർഷിച്ചു. ഔഷധ സസ്യങ്ങൾ തിരിച്ചറിയാനും അവവെച്ചു പിടിപ്പിക്കാനും അവയുടെ പ്രയോജനങ്ങൾ മനസിലാക്കാനും വേണ്ട ബോധവത്കരണവും സന്ദർശകർക്ക് നൽകി.