മുട്ടം: കാർഷിക വിപണന കേന്ദ്രം ഹോട്ടൽ ആക്കി മാറ്റാനുള്ള തീരുമാനം മുട്ടം പഞ്ചായത്ത്‌ ഭരണ സമിതി പിൻവലിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്കായി പണികഴിപ്പിച്ച കാർഷിക വിഷണന കേന്ദ്രമാണ് കുടുംബശ്രീക്ക് ഹോട്ടൽ നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തിരിക്കുന്നത്. മറ്റ് ആവശ്യങ്ങൾക്കായി വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് അജണ്ടയിൽ പോലുമില്ലാത്ത വിഷയം അവതരിപ്പിച്ചത്.ഈ തിരുമാനത്തിനെതിരെ യു.ഡി എഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി.

"പഞ്ചായത്തിന്റെ അടിയന്തിര കമ്മറ്റിയിൽ കാർഷിക വിപണന കേന്ദ്രം ഹോട്ടൽ നടത്തുന്ന ത് സംബന്ധിച്ച് അജണ്ടയായി ചേർത്തിരുന്നില്ല.അത്‌ കൊണ്ട് യു ഡി എഫ് മെമ്പർമാർ വിയോജനക്കുറിപ്പ് നൽകി." കെ ടി അഗസ്റ്റിൻ, ചെയർമാൻ, യു ഡി എഫ് മുട്ടം മണ്ഡലം കമ്മറ്റി.

"വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിന് ജനകീയ ഹോട്ടൽ ആരംഭിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ സ്ഥാപിക്കാൻ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും സൗകര്യപ്രദമായ സ്ഥലം ലഭിച്ചില്ല. സർക്കാരിൽ നിന്ന് കർശന നിർദേശം വന്നതിനാൽ കാർഷിക വിപണന കേന്ദ്രത്തിൽ ജനകീയ ഹോട്ടൽ ആരംഭിക്കാനും സൗകര്യപ്രദമായ മറ്റൊരു സ്ഥലം ലഭിക്കന്നതിനനുസരിച്ച് ജനകീയ ഹോട്ടൽ അവിടേക്ക് മാറ്റി പ്രവർത്തിപ്പിക്കാനും ഇന്നലെ ചേർന്ന പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ കാർഷിക വിപണന കേന്ദ്രം പ്രവർത്തിപ്പിക്കാൻ സർക്കാരിൽ നിന്ന് അനുമതി ലഭ്യമാകണം.കാർഷിക വിപണന കേന്ദ്രം പ്രവർത്തിപ്പിക്കാനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭ്യമായാലും ഉടൻ തന്നെ ജനകീയ ഹോട്ടൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രവർത്തിപ്പിക്കും."

കുട്ടിയമ്മ മൈക്കിൾ,

മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്,