ബദൽ സംവിധാനങ്ങൾ സജീകരിക്കുന്നു

ജൂൺ 15 വരെ നടക്കുന്നത് ട്രയൽ ക്ളാസുകൾ

ഇടുക്കി: ജില്ലയിൽ ഓൺ ലൈൻ പഠനം ഇനിയും പ്രാപ്യമല്ലാത്തത് 4515 വിദ്യാർത്ഥികൾക്ക്. ഇതിലേറെയും ആദിവാസി ഊരുകളിൽനിന്നുള്ളവരാണ്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ബദൽ സൗകര്യമേർപ്പെടുത്തുന്നതു സംബന്ധിച്ച് ജില്ലാ കലക്ടർ എച്ച്.ദിനേശന്റെ അദ്ധ്യയക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പുകൾ ടെലിവിഷൻ, ലാപ്‌ടോപ്പ് എന്നിവ ഉപയോഗപ്പെടുത്തി സാദ്ധ്യയമായ കേന്ദ്രങ്ങളിൽ പഠന സൗകര്യം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കിയും കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയുമാണ് സൗകര്യം ഒരുക്കിയത്. എസ്എസ്‌കെയുടെ മേൽനോട്ടത്തിൽ പഠന സൗകര്യമേർപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ എണ്ണം എടുക്കുകയും സൗകര്യങ്ങൾ ക്രമീകരിക്കാൻ 52 ഓളം കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജനപ്രതിനിധികൾ, പഞ്ചായത്ത്, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരിൽ നിന്നുള്ള സഹായം ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിന് പ്രയോജനപ്പെടുത്തും. ഇതിനകം ഡീൻ കുര്യാക്കോസ് എം. പിയടക്കമുള്ളവർ ടിവിയും മറ്റും വിദ്യാർത്ഥികൾക്ക് നല്കിയിട്ടുണ്ട്.
ഇത്തരത്തിൽ സഹായം നല്കുന്നവർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കുന്നത് ഏറ്റവും അർഹരായവരിൽ ഇത് എത്തിക്കുവാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. 15 വരെ ട്രയൽ ക്ലാസുകളാണ് നടക്കുന്നത് എന്നതിനാൽ അതുവരെ ക്രമീകരണ.ങ്ങൾക്ക് സാവകാശം ലഭിക്കും.. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എ.ശശീന്ദ്രവ്യാസ്, എസ്എസ്‌കെ പ്രോജക്ട് ഓഫീസർ ഡി. ബിന്ദുമോൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ്, ഡയറ്റ് പ്രതിനിധി എം.തങ്കരാജ്,
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ. എ. ബിനുമോൻ, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ഷാജിമോൻ പി.കെ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി.സത്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർയോഗത്തിൽ പങ്കെടുത്തു.