തൊടുപുഴ: പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെ വിട്ടു. വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തൻപറമ്പിൽ വീട്ടിൽ സരസമ്മയെയാണ് (56) കുറ്റക്കാരിയല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മ വെറുതെ വിട്ടത്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന വെള്ളിയാമറ്റം കരിപ്പലങ്ങാട് പാലോന്നിയിൽ വീട്ടിൽ പി. പി. രാജുവിനെ (42) കൊലപ്പെടുത്തിയ കേസിലായിരുന്നു വിധി. 2015 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. സസ്പെൻഷനിലായിരുന്ന രാജു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വിരോധത്താൽ സരസമ്മ വിറകു കമ്പ് കൊണ്ട് രാജുവിനെ അടിച്ചു വീഴ്ത്തി,​ കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യുഷൻ കേസ്. കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ടു പെൺ മക്കൾ, പ്രതിയുടെ സഹോദരൻ, ചിറ്റപ്പൻ, അയൽവാസികൾ എന്നിവരെയടക്കം പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കു വേണ്ടി അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, അജു മാത്യു,​ പ്രസാദ് ജോസഫ്, സണ്ണി മാത്യു, ജോമോൻ പുഷ്പക്കണ്ടം എന്നിവർ കോടതിയിൽ ഹാജരായി.