തൊടുപുഴ: ഡൽഹിയിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൂടി ജില്ലയിൽ ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. തൊടുപുഴ കാരിക്കോട് സ്വദേശിയായ യുവാവിനും ഉപ്പുതറ പശുപ്പാറ സ്വദേശിയായ നഴ്സിനും ചക്കുപള്ളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ സ്വദേശിയായ 24 കാരനും പശുപാറ സ്വദേശിയായ 43 കാരിയും മേയ് 22ന് ഡെൽഹിയിൽ നിന്ന് ട്രെയിനിലെത്തിയതാണ്. രണ്ടും പേർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. ചക്കുപള്ളം സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ഡൽഹിയിൽ നിന്ന് മേയ് 31ന് വിമാനമാർഗമാണ് എത്തിയത്. നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇവരിൽ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ട് പേരെ ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. ഇതുവരെ 46 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 25 പേരുടെ രോഗം ഭേദമായി.
നിരീക്ഷണത്തിൽ
ആകെ- 2880
ആശുപത്രികളിൽ- 24
വീടുകളിൽ- 2856
പുതുതായി- 211
ഒഴിവാക്കപ്പെട്ടവർ- 276