തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടുക്കി തപസ്യ ജില്ലാ സമിതി ഏർപ്പെടുത്തിയ പ്രഥമ തപോവനം അവാർഡിന് കോലാനി അമരങ്കാവ് ഭരണസമിതിയെ തിരഞ്ഞെടുത്തു. കാവുകളും വനങ്ങളും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമായി നൽകുന്നതാണ് ഈ പുരസ്‌കാരം. കോലാനിയിലെ അമരങ്കാവിന് ആയിരം വർഷങ്ങൾ പഴക്കമുണ്ട്. രണ്ടേമുക്കാൽ ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കാവിൽ അപൂർവ്വമായ വൃക്ഷങ്ങളും സസ്യങ്ങളുമുണ്ട്. ഇതിനു പുറമെ മുപ്പതിലധികം പൂമ്പാറ്റകളെ കണ്ടെത്താൻ സസ്യ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. അമരങ്കാവിൽ പ്രകൃതിയുടെ പ്രതീകമായ ദേവീപ്രതിഷ്ഠയുമുണ്ട്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതൽ ഒരാഴ്ച തപസ്യയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ വനവാരമായി ആചരിക്കുകയാണ്. പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത സാധാരണക്കാരിലെത്തിക്കുകയാണ് ഈ വാരാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. 5001 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ലളിതമായ ചടങ്ങിൽ കാവിന്റെ ഭരണ സമിതിക്ക് കൈമാറുമെന്ന് ജില്ലാ സെക്രട്ടറി എസ്.എൻ. ഷാജി അറിയിച്ചു.