കട്ടപ്പന: ജൈവ വൈവിധ്യം ആഘോഷമാക്കുകയെന്ന മുദ്രാവാക്യം ഏറ്റെടുത്ത് നാടെങ്ങും പരിസ്ഥിതി ദിനാഘോഷം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തം കുറച്ച് ഫല വൃക്ഷത്തൈകൾ നട്ടും ശുചീകരണം നടത്തിയും ദിനാചരണത്തിൽ പങ്കാളികളായി. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് ബിജു മാധവൻ തെങ്ങിൻതൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. മലനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം സെക്രട്ടറി അഭിലാഷ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇടുക്കി സോഷ്യൽ ഫോറസ്റ്ററിയും പരിസ്ഥിതി സംഘടനയായ ഗ്രീൻലീഫും ചേർന്ന് കട്ടപ്പനയിൽ നടത്തിയ ദിനാചരണം സി.എസ്.ഐ. ഗാർഡൻ വളപ്പിൽ വൃക്ഷത്തൈ നട്ട് കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇടുക്കി എ.സി.എഫ്. സാബി വർഗീസ്, ഗ്രീൻ ലീഫ് കോഓർഡിനേറ്റർ സി.പി. റോയി, നഗരസഭ കൗൺസിലർമാരായ സി.കെ. മോഹനൻ, പി.ആർ. രമേശ് എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻഡറി എൻ.എസ്.എസിന്റെ പ്ലാന്തണൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസ് പരിസരത്ത് പ്ലാവ് നട്ട് ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ്. നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളുടെ മുറത്ത് 25,000ൽപ്പരം പ്ലാവിൻതൈകളാണ് പരിപാലിച്ചുവരുന്നത്. ജില്ലാ കോഓർഡിനേറ്റർ സുമമോൾ ചാക്കോ, കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മുൻസിഫ് കോടതി വളപ്പിൽ സബ് ജഡ്ജി കെ.പി. ജോയി, മുൻസിഫ് എൻ.എൻ. സിജി, മജിസ്‌ട്രേറ്റ് ഫാസിൽ റഹ്മാൻ, ഗവ. പ്ലീഡർ ജോർജ് വേഴമ്പത്തോട്ടം എന്നിവർ ചേർന്ന് മരത്തൈ നട്ടു. സാംസ്‌കാരിക വകുപ്പിനു കീഴിലെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ചേർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷം മരത്തൈകൾ ഈ വർഷം നട്ടുപരിപാലിക്കും. പദ്ധതിയുടെ ക്ലസ്റ്റർതല ഉദ്ഘാടനം കട്ടപ്പന നഗരസഭ കാര്യാലയത്തിൽ ജോയി വെട്ടിക്കുഴി നിർവഹിച്ചു. വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നമാമി തുളസി' എന്ന പേരിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വീടുകളിൽ തുളസിത്തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രിൻസിപ്പൽ കെ.എസ്. അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മുഴുവൻ വിദ്യാർഥികളുടെയും വീടുകളിൽ മരത്തൈകൾ നട്ടു. കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ വൃക്ഷതൈ വിതരണോദ്ഘാടനം ബി.ജെ.പി. ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാദൾ ബോർഡ് ജില്ലാ ചെയർമാൻ ജോണി ചീരംകുന്നേലിന്റെ നേതൃത്വത്തിൽ 150ൽപ്പരം തണൽമരത്തൈകൾ നട്ടു. ക്രൈസ്റ്റ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ റവ. അലക്‌സ് ലൂയിസ് തണ്ണിപ്പാറ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ പരിസ്ഥിതി ദിനാഘോഷം പ്രസിഡന്റ് ബിജു മാധവൻ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.