തൊടുപുഴ: എന്നും പൊൻമുട്ടയിടുന്ന താറാവായ കേരളത്തെ ആർത്തി മൂത്ത് കീറി മുറിക്കരുതെന്ന് പരിസ്ഥിതി സ്നേഹിയും മനുഷ്യാവകാശ പ്രവർത്തകനും ഹൈസ്‌കൂൾ മുൻ പ്രധാനാദ്ധ്യാപകനുമായ ജോസ് ചുവപ്പുങ്കൽ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് നമുക്കതിനെ പൊന്നുപോലെ പരിപാലിക്കാം. ലോകം മുഴുവനും കൊവിഡെന്ന മഹാമാരിക്ക് മുന്നിൽ നിസഹായരായി ഞെട്ടിവിറങ്ങലിച്ച് നോക്കി നിൽക്കുന്നതിനിടയിൽ ഒരു 'ലോകപരിസ്ഥിതി ദിനം' കൂടി കടന്നുപോയി. ഇതിനിടയിൽ മരണം താണ്ഡവ നൃത്തമാടുന്ന ഭയാനകമായ അവസ്ഥയാണ്. തുടർച്ചയായ രണ്ട് പ്രളയ ദുരന്തങ്ങളിൽ നിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല. ഇതിനെല്ലാം വലിയൊരളവു വരെ നമ്മൾ തന്നെയാണ് കാരണക്കാർ. പ്രളയമുണ്ടായത് അധികമഴ പെയ്തത് കൊണ്ട് മാത്രമല്ല. വെള്ളം സംഭരിക്കാനുള്ള തണ്ണീർതടങ്ങളും നെൽവയലുകളും നികത്തി. മരടിലെ ഫ്ലാറ്റ് പോലെ നദീതീരങ്ങളും കായൽ തീരങ്ങളും കൈയേറി. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കാരണം നീർച്ചാലുകൾ അടഞ്ഞു. അനിയന്ത്രിതമായ മണലൂറ്റും പാറഖനനവും പ്രകൃതിയെ വളരെയധികം നശിപ്പിച്ചു. ടൂറിസത്തിന്റെ പേരിലും പരിസ്ഥിതി എറെ നശിപ്പിക്കപ്പെട്ടു. പരിസ്ഥിതി നശിച്ചാൽ ടൂറിസം നശിക്കുമെന്നത് എന്നാണാവോ നാം മനസിലാക്കുക. നമുക്ക് വേണ്ടത് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസമാണ്. കേരളത്തിലെ ഒട്ടുമിക്ക നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നാണല്ലോ? കേരളത്തിന്റെ വാട്ടർ 'ടാങ്കായ പശ്ചിമഘട്ടം' സംരക്ഷിച്ചില്ലെങ്കിൽ കേരളം ഒരു മരുഭൂമിയായി മാറും. മനുഷ്യന്റെ നിലനിൽപ്പ് കൃഷിയെ അടിസ്ഥാനമാക്കിയാണ്. നശിച്ച് പോയ നമ്മുടെ വായുവും ജലവും മണ്ണും തിരിച്ച് പിടിക്കേണ്ടിയിരിക്കുന്നു. വ്യക്തമായ ഒരു കാർഷിക നയം രൂപീകരിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. കീടനാശിനികൾ മനുഷ്യ നാശിനിയായി മാറിക്കൊണ്ടിരിക്കുന്നു. ഒരു പാർപ്പിടനയം രൂപീകരിച്ച് വലിയ നിർമ്മാണങ്ങൾക്ക് പരിധിയേർപ്പെടുത്തണം. മാലിന്യ നിർമ്മാർജനത്തിന് പ്രാദേശിക തലത്തിൽ കർമ്മ പദ്ധതി നടപ്പിലാക്കണം. പരിസ്ഥിതി പഠനം സ്കൂളുകളിൽ നിർബന്ധമാക്കണം. ജൈവ വൈവിധ്യം സംരക്ഷിച്ചേ മതിയാകൂ. കാരണം; മനുഷ്യന് മാത്രമായി ഭൂമിയിൽ നിലനിൽപ്പില്ല. നമ്മുടെ ഒടുങ്ങാത്ത ആർത്തി കാരണം എല്ലാം വെട്ടി നിരത്തി, ഇടിച്ച് തകർത്തു. പരിസ്ഥിതി പ്രവർത്തകരെ വികസന വിരോധികളെന്നും പിന്തിരിപ്പന്മാരെന്നും മുദ്രകുത്തി. പരിസ്ഥിതി സംരക്ഷണവും വികസനവും രണ്ടല്ല; എന്ന കാര്യം എപ്പോൾ നമ്മൾ തിരിച്ചറിയും? വികസനത്തിന്റെ നിർവചനം തന്നെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. വികസനം എന്നാൽ റോഡും കെട്ടിടങ്ങളും വാഹനങ്ങളും മാത്രമല്ല. വരുമാനവും വികസനത്തിന്റെ ശരിയായ അളവുകോൽ ആകുന്നില്ല, മറിച്ച് ജനങ്ങളുടെ ക്ഷേമവും സന്തോഷവുമാണ്. ശുദ്ധവായു, ശുദ്ധജലം, നല്ല ആരോഗ്യം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയവയെല്ലാം വികസനത്തിന്റെ ഭാഗമാണ്. ഇവയെല്ലാം നശിപ്പിച്ചിട്ട് എന്തുവികസനം! വരുമാനത്തേക്കാൾ ജനങ്ങളുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകേണ്ടത്. വരുമാനം കൂടിയത് കൊണ്ടുമാത്രം ജനത്തിന് സന്തോഷം ലഭിക്കണമെന്നില്ലെന്നും ജോസ് ചുവപ്പുങ്കൽ പറഞ്ഞു.