maalinayam
നത്തുകല്ലിലെ തോട്ടത്തിൽ മലിനജലം കെട്ടിക്കിടക്കുന്നു.

കട്ടപ്പന: നത്തുകല്ലിലെ കൈത്തോട്ടിലേക്ക് വീടുകളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നു. ഒഴുക്ക് നിലച്ച തോട്ടത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗ വ്യാപനത്തിനു കാരണമാകും. നത്തുകല്ല് ജംഗ്ഷന് സമീപത്തുള്ള തോട്ടിലേക്കാണ് സമീപത്തുള്ള ചില വീടുകളിലെ ശൗചാലയങ്ങളിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ ഒഴുക്കുന്നത്. കാലവർഷം ശക്തമായാൽ ഇവ ഒഴുകി ഇരട്ടയാർ ഡാമിൽ പതിക്കും. നിരവധി കുടിവെള്ള സ്രോതസുകളാണ് തോടിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ളത്. സെപ്ടിക് ടാങ്കിൽ നിന്നുള്ള മാലിന്യവും തോട്ടത്തിലേക്ക് ഒഴുക്കുന്നതായി ആക്ഷേപമുണ്ട്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും കൊതുകുശല്യവുമാണ്. ഇതുസംബന്ധിച്ച് നഗരസഭ അധികൃതർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു. കൂടാതെ തോട് കൈയേറി നിർമാണങ്ങൾ നടത്തുന്നതായും ആരോപണമുണ്ട്.