 വേണ്ടിവന്നാൽ സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കും
 കൂടുതൽ തുക ചെലവായെന്ന് കരാറുകാരൻ

കട്ടപ്പന: പ്രളയ ദുരിതാശ്വാസമായി സർക്കാർ അനുവദിച്ച വീടുകളുടെ നിർമാണം വൈകുന്ന സംഭവത്തിൽ കട്ടപ്പന നഗരസഭയുടെ ഇടപെടലിൽ പ്രശ്‌ന പരിഹാരത്തിനു വഴിതെളിയുന്നു. 'കേരള കൗമുദി' വാർത്തയെ തുടർന്നാണ് നടപടി. നഗരസഭ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് കരാറുകാരനെ വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാൽ കരാർപ്രകാരമുള്ള തുകയേക്കാൾ കൂടുതൽ ചെലവായതായാണ് ഇയാൾ പറയുന്നത്. വീടു നിർമാണത്തിനായി അനുവദിച്ച നാലു ലക്ഷം രൂപയും ഗുണഭോക്താക്കൾ കൈപ്പറ്റി കരാറുകാരന് കൈമാറിയിരുന്നു. എന്നാൽ വീട് നിർമാണത്തിനായി മണ്ണുപണിക്ക് കൂടുതൽ തുക ചെലവായെന്നാണ് കരാറുകാരന്റെ വാദം. വെള്ളയാംകുടി മർത്തോമ്മ പള്ളിക്ക് സമീപമുള്ള നഗരസഭയുടെ സ്ഥലമാണ് വീടു നിർമിക്കാൻ അഞ്ച് സെന്റ് വീതം മൂന്നു കുടുംബങ്ങൾക്ക് നൽകിയത്. മൂന്നു വീടുകളും പൂർത്തീകരിക്കാൻ 45,000 രൂപ വീതം വേണ്ടിവരുമെന്നും കരാറുകാരൻ പറയുന്നു. അതേസമയം സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട ശേഷമാണ് കരാറുകാരൻ വീടുകളുടെ നിർമാണം ഏറ്റെടുത്തതെന്ന് കട്ടപ്പന വില്ലേജ് ഓഫീസർ പറയുന്നു. കരാറിൽ ഏർപ്പെട്ടപ്പോൾ തുകയുടെ കാര്യവും ബോധ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ തടസവാദം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ കരാറുകാരന് കഴിയാത്ത സ്ഥിതിയാണെങ്കിൽ സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കാൻ ഇടപെടുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി. കട്ടപ്പന പൂവേഴ്‌സ് മൗണ്ട് മോതിരപ്പള്ളിയിൽ എം.ആർ. മണിയമ്മ ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾ ദുരവസ്ഥയിലാണ്. ഒരു കാലവർഷം കൂടി അതിജീവിക്കാൻ ഇവർക്ക് കഴിയില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു. പുതിയ വീടിന്റെ നിർമാണം വൈകിയതോടെ 2018ലെ പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂരകെട്ടി താമസിക്കുന്ന പൂവേഴ്‌സ് മൗണ്ട് മോതിരപ്പള്ളിയിൽ എം.ആർ. മണിയമ്മയുടെ ദുരവസ്ഥ 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നഗരസഭ വിഷയത്തിൽ ഇടപെടുകയായിരുന്നു.