കട്ടപ്പന: അജ്ഞാത ജീവി മൂന്നു ആട്ടിൻകുട്ടികളെ കടിച്ചുകൊന്നു. കൊച്ചുതോവാള കൊല്ലാറാത്ത് റോസമ്മ വർഗീസിന്റെ ആട്ടിൻകുട്ടികളാണ് കഴിഞ്ഞദിവസം ചത്തത്. പുലർച്ചെ ഒന്നോടെ ആട്ടിൻകൂട്ടിൽ നിന്ന് കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മൂന്ന് ആടുകൾ കടിയേറ്റ് ചത്ത നിലയിലായിരുന്നു. ഒരു ആട്ടിൻകുട്ടിയെ കടിച്ചുകീറി പകുതിയോളം ഭക്ഷിച്ചിരുന്നു. ഒരെണ്ണത്തിനെ കാണാതെയുമായി. കൂട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് ആടുകൾക്കുനേരെ ആക്രമണമുണ്ടായിട്ടില്ല. സമീപത്ത് കാൽപാടുകൾ കണ്ടെത്തിയെങ്കിലും ഏതു ജീവിയുടേതെന്നു സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്തെ മറ്റൊരു വീടിന്റെ പുറത്ത് വിരിച്ചിട്ടിരുന്ന വസ്ത്രങ്ങളും കടിച്ചുകീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീടിനോടുചേർന്ന് ഏക്കറുകണക്കിനു തരിശുഭൂമി കാടുപിടിച്ചുകിടക്കുകയാണ്. പ്രദേശത്ത് വന്യജീവികളുടെ ശല്യവും രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. നഗരസഭ കൗൺസിലർ സിബി പാറപ്പായി, കട്ടപ്പന വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.