shajimon
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജിമോൻ

 യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

നെടുങ്കണ്ടം: രാജ്കുമാർ ഉരുട്ടികൊലയിലൂടെ കുപ്രസിദ്ധി നേടിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വീണ്ടും കസ്റ്റഡിമർദ്ദനം. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചയാളെ എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റ തേർഡ്ക്യാമ്പ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ലോക്ഡൗൺ കാലത്ത് വീട്ടിലെ ബിൽത്തുക റീഡിംഗിനായി വന്ന ആളെ ഷാജിമോൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അടുത്തമാസത്തെ തുകയോടൊപ്പം മുമ്പത്തെ മാസത്തെ ഫൈനും ചേർത്താണ് ബിൽ വന്നത്. കുടിശിഖയുള്ള ബില്ല് അടച്ചതാണെന്ന് പറഞ്ഞെങ്കിലും തൂക്കുപാലം സെക്ഷനിലെ ഉദ്യോഗസ്ഥർ വീട്ടിലെ ഫ്യൂസ് ഊരുകയും ചെയ്തു. ഇത് സംബന്ധിച്ച് ഷാജിമോൻ സെക്ഷൻ ഓഫീസിൽ വിളിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥർ നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം എസ്.ഐ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായി ഷാജിമോൻ പറയുന്നു. സ്റ്റേഷനിൽ എത്തിയ സമയത്ത് കഴുത്തിൽ പിടിച്ച് തള്ളുകയും തല ലോക്കപ്പ് മുറിയുടെ കമ്പിയിൽ ഇടിക്കുകയും ചെയ്തു. ഇതിനുപുറമെ ലാത്തിക്ക് പകരം ഉപയോഗിക്കുന്ന കെയ്ൻ ഉപയോഗിച്ച് പുറത്തും നെഞ്ചിലും അടിച്ചതായും ബൂട്ടിട്ട് ചവിട്ടി വീഴ്ത്താൻ ശ്രമിച്ചെന്നും
ഷാജി പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഷാജി.

ആരോപണം നിഷേധിച്ച് പൊലീസ്

'' ഷാജിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഷാജിമോൻ ജീവനക്കാരെ
അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തെന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻഡ് എഞ്ചിനീയർ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ഷാജിയെ വിളിക്കുകയാണുണ്ടായത്. കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഷാജിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്."

- കെ. ദിലീപ് കുമാർ (നെടുങ്കണ്ടം എസ്.ഐ)