നെടുങ്കണ്ടം: ലോക് ഡൗൺ കാലത്തെ മാസ വാടക നൽകാത്തതിനാൽ ലോട്ടറി തൊഴിലാളിയെ ലോഡ്ജിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. ലോക് ഡൗണിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം കൊട്ടിയം സ്വദേശിയായ ലോട്ടറി തൊഴിലാളി ഷിഹാബ് നാട്ടിലേയ്ക്ക് മടങ്ങിയത്. ലോട്ടറി വില്പനയ്ക്ക് അനുമതി ലഭിച്ചതോടെ ഇയാൾ തിരികെ എത്തുകയായിരുന്നു. എന്നാൽ ഒരു വർഷത്തിലധികമായി താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ ഇയാളെ പ്രവേശിയ്ക്കാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. ലോക് ഡൗൺ കാലത്തിലേതടക്കം നാല് മാസത്തെ വാടക നൽകാനുണ്ട്. ഇത് മുഴുവനായി നൽകിയാലെ മുറി നൽകൂവെന്ന് അറിയ്ക്കുകയായിരുന്നു. നിലവിൽ ലോട്ടറി കടയ്ക്കുള്ളിൽ കാർഡ് ബോർഡുകൾ വിരിച്ചാണ് ഷിഹാബ് അന്തിയുറങ്ങുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലുമുള്ള സൗകര്യം ഇവിടെ ഇല്ല. ടൗണിലെ പൊതു ശുചിമുറികളെയാണ് നിലവിൽ ഇയാൾ ആശ്രയിക്കുന്നത്. ഇയാളുടെ ചില സാധനങ്ങളും ലോഡ്ജ് മുറിയിലുണ്ട്. ലോക് ഡൗൺ കാലഘട്ടത്തിലെ വാടക ഒഴിവാക്കി തരണമെന്ന് ലോട്ടറി സ്ഥാപന ഉടമ ആവശ്യപെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഷിഹാബ് പറയുന്നു.