ഇടുക്കി : തങ്ങളുടെ വരവിനെ കാത്തിരിക്കുന്ന കിടപ്പ് രോഗികൾക്കരുകിലേക്ക് സാന്ത്വനവുമായി അവർ എത്തുന്നു, മുടക്കം കൂടാതെ. കൊവിഡ് വ്യാപനത്തിനിടയിലും പരിചരണത്തിൽ ഏറെ മുൻപന്തിയിലാണ് ജില്ലയിലെ പാലിയേറ്റീവ് പരിചരണ വിഭാഗം.സാമൂഹിക അകലമോ, വൈറസ് പിടിപെടും എന്നുള്ള ഭീതിയോ കൂടാതെപരിചരണം നൽകുന്നതിൽ ഇവർ ഒരു മുടക്കവും വരുത്തുന്നില്ല. മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറൽ, മുറിവുകളുടെ പരിചരണം തുടങ്ങി കിടപ്പുരോഗികൾക്ക് വേണ്ട എല്ലാ പരിചരണങ്ങളും പ്രാഥമിക യൂണിറ്റ് നഴ്‌സുമാർ പരാതികളേതുമില്ലാതെ ചെയ്തുവരുന്നു,ആവശ്യമായ ഘട്ടത്തിൽ മരുന്നുകൾ രോഗികൾക്ക് വീട്ടിൽ എത്തിച്ച് നൽകാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഉപയോഗപ്പെടുത്തുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെയും ജില്ലാ പ്രോഗ്രാം മാനേജരുടെയുടെയും പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസറുടെയും നേതൃത്വത്തിൽ കാര്യക്ഷമമായ നിരവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തുന്നത്. പാലിയേറ്റീവ് പരിചരണത്തിൽ രജിസ്റ്റർചെയ്ത് പരിചരണം ആവശ്യമുള്ള പതിനായിരത്തോളം രോഗികൾക്ക് പരിചരണം നൽകാൻ കഴിയുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് 25 മുതൽ തൊടുപുഴ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് മുതിർന്ന പൗരൻമാർക്കും പാലിയേറ്റീവ് കെയർ രോഗികൾക്കുമായി പാലിയേറ്റീവ് കെയർ ജില്ലാതല ടെലി മെഡിസിൻ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ചിട്ടുള്ള അൽ അസർ മെഡിക്കൽ കോളേജിലെ 6 ഡോക്ടർമാർ ടെലിമെഡിസിൻ യൂണിറ്റിൽ പ്രവർത്തിച്ചുവരുന്നു. പാലിയേറ്റീവ് കെയർ രോഗികൾക്ക് ഫോൺ കോൾ വഴിയും, വാട്‌സാപ്പ് വീഡിയോ കോൾ വഴിയും ഡോക്ടർമാരുമായി രോഗ വിവരങ്ങളും അവയുടെ ചികിത്സ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഡയാലിസിസ് ചെയ്യുന്ന 320 രോഗികൾക്ക് 23 ആശുപത്രികളുമായി ബന്ധപ്പെട്ട് ഡയാലിസിസ് സഹായം ചെയ്തു വരുന്നു.വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള 98 രോഗികൾക്ക് അത്യാവശ്യ മരുന്നുകൾ വാങ്ങി നൽകാൻ പാലിയേറ്റീവ് വിഭാഗം ടെലി മെഡിസിൻ യൂണിറ്റിന് കഴിഞ്ഞു. പദ്ധതിക്ക് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടാണ് നേതൃത്വം വഹിക്കുന്നത്. ജില്ലയിൽ മോർഫിൻ ഗുളിക കഴിക്കുന്ന മുഴുവൻ രോഗികൾക്കും മുടങ്ങാതെ ഗുളിക വീട്ടിൽ എത്തിച്ച് നൽകുന്നുണ്ട്.
സേവനത്തിൽ ഇവർ
ജില്ലയിൽ 52 രണ്ട് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികലിളും ആയി 54 പ്രാഥമിക യൂണിറ്റ് നഴ്‌സുമാരും, 13 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും 6 മേജർ ആശുപത്രികളിലും, ഹോമിയോ പാലിയേറ്റീവ് വിഭാഗത്തിലും ആയി 22 സ്റ്റാഫ് നഴ്‌സുമാരും 14 ഫിസിയോതെറാപ്പിസ്റ്റുമാരും, ഒരു ജില്ലാ കോഓർഡിനേറ്റർ എന്നിവർ പാലിയേറ്റീവ് പരിചരണത്തിൽ ജോലി ചെയ്തുവരുന്നു.