ഇടുക്കി : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ തട്ടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ലാബ് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ യാത്രാ സൗകര്യം കുറഞ്ഞ മലയോര പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ വളരെ നാളത്തെ ആഗ്രഹമാണ് സഫലീകരിച്ചത്. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രത്യേക താൽപര്യമെടുത്താണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
കൊവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിലാണ് ലാബിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തിയത്. ലാബ് പ്രവർത്തനങ്ങളെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.റെയ്ച്ചൽ.പിജോസഫ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ.സീതി, സെക്രട്ടറി സിബി തോമസ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോമി അഗസ്റ്റിൻ, ജിജി സുരേന്ദ്രൻ, ജോൺസൺ കുര്യൻ, അജിമോൻ ശ്രീധരൻ, ബിന്ദു രവീന്ദ്രൻ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ലതീഷ്, ഡോ. മെറിൻ സാറ ജോസ് എന്നിവർ സംസാരിച്ചു.