ചെറുതോണി : കോവിഡ് 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്‌ഡൗൺ മൂലം ഉത്പാദന മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്ക് ഉണ്ടായ സാമ്പത്തിക പരാധീനതകൾ തരണം ചെയ്യുന്നതിനായി ബാങ്കുകളിൽ നിന്ന് അധികമായി അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ആറുമാസ കാലയളവിലേക്ക് 50 ശതമാനം പലിശ സബ്സിഡി കേരളാ സർക്കാർ വ്യവസായ വാണിജ്യ വകുപ്പിലൂടെ നൽകുന്നു. 1-1-2020 മുതൽ 15-3-2020 വരെയുള്ള കാലയളവിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതും ഉദ്യോഗ് ആധാർ ഉള്ളതുമായ ഉത്പാദന മേഖല/ അനുബന്ധ മേഖലയിലുള്ള ചെറുകിട വ്യവസായങ്ങൾക്ക് മാത്രമാണ് ആനുകൂല്യം. 1-4-2020 മുതൽ 31-12-2020 വരെയുള്ള കാലയളവിൽ അനുവദിക്കുന്ന അധിക വായ്പാ തുകയുടെ അടിസ്ഥാനത്തിലാണ് ആനുകൂല്യം നൽകുന്നത്. അധിക മൂലധന വായ്പയുടെയും അധിക പ്രവർത്തന മൂലധന വായ്പയുടെയും പലിശയുടെ പകുതി പരമാവധി 30,​000 രൂപാ വീതം (ആകെ 60000 രൂപാ)​ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ : 04862- 235207.