തൊടുപുഴ: മുൻ കായിക താരവും റെയിൽവേ ഉദ്യോഗസ്ഥനുമായ യുവാവിന്റെ വാഹനം കേടുപാട് വരുത്തിയതായി പരാതി. പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യുവാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി എട്ടോടെ മുതലക്കോടം കനാൽ റോഡരുകിൽ വാഹനം പാർക്ക് ചെയ്ത ശേഷം സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ പോയ സമയത്താണ് വാഹനത്തിന് കേടുപാട് വരുത്തിയത്. ഇവിടെ വാഹനം പാർക്ക് ചെയ്യുന്നത് സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നയാൾ ചോദ്യം ചെയ്തിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് കല്ല് ഉപയോഗിച്ച് വാഹനത്തിന് സാരമായ കേടുപാട് വരുത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ മുതലക്കോടം കുഞ്ഞുവീട്ടിൽ സിബിക്കെതിരേ കേസെടുത്തതായി തൊടുപുഴ എസ്.ഐ: ബൈജു പി.ബാബു അറിയിച്ചു.