തൊടുപുഴ: സംസ്ഥാനത്തിനൊപ്പം ഇടുക്കിയിലും കൊവിഡ് രോഗികളുട എണ്ണം കുതിച്ചുയരുന്നു. ജില്ലയിൽ നാല് ദിവസത്തിനിടെ 15 പേരാണ് രോഗികളായത്. തുടർച്ചയായ രണ്ടാം ദിനവും മൂന്ന് പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരാണ് മൂന്ന് പേരും. തൊടുപുഴ, മുരിക്കാശേരി, അടിമാലി എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ സ്വദേശിയായ ഇരുപത്തെട്ടുകാരൻ മെയ് 28നാണ് അയർലൻഡിൽ നിന്ന് വന്നത്. ഇദ്ദേഹം അടിമാലിയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് 29ന് ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ നിന്ന് വന്ന മുരിക്കാശേരി സ്വദേശിയായ 28കാരന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവയാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ ഗർഭിണിയായതിനാൽ ഇവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുന്നതിന് പകരം വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. ഭാര്യയുടെ ഫലം നെഗറ്റീവാണ്. ദുബായിൽ നിന്ന് 29ന് എത്തിയ 39കാരനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹവും അടിമാലിയിലെ കൊവിഡ് കെയർ സെന്ററിലാണ് നിരീക്ഷണത്തിലിരുന്നത്. ഇവരെ രണ്ട് പേരേയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ മൂന്ന് പേരുടേയും സ്രവം ശേഖരിച്ചത് ജൂൺ മൂന്നിനാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവർക്കാർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ആശ്വാസമായി ഒരാൾ മുക്തൻ
രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മൂന്നാർ സ്വദേശി കൊവിഡ് മുക്തി നേടിയത് ജില്ലയ്ക്ക് ആശ്വാസമായി. നിലവിൽ 23 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ഇതുവരെ ആകെ 49 പേർക്ക് രോഗം ബാധിച്ചു. 26 പേർ രോഗമുക്തി നേടി.