തൊടുപുഴ :ആയുർവേദ ഡോക്ടർമാരുടെ ഒഴിവുകൾ പി.എസ്.സി നിയമനം വഴി എത്രയും വേഗം നികത്തണമെന്ന് സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ.നിലവിൽ എൺപതോളം തസ്തികകൾ സ്ഥിരം നിയമനമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്. ഇടുക്കി ,പത്തനംതിട്ട,കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കൂടുതൽ ഒഴിവുകൾ.ഇത്രയും ഒഴിവുകളിലെ മെഡിക്കൽ ഓഫീസർമാരുടെ അധിക ചുമതലകൾ നൂറ്റി അറുപതോളം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്നതാണ്.ഇത് പരിഹരിക്കേണ്ടത് കൊവിഡ് പ്രതിരോധത്തിനായുള്ള ആയുർ രക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനും ഭാരതീയ ചികിത്സാ വകുപ്പ് വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുമുള്ള ആരോഗ്യ പദ്ധതികൾ നടപ്പിലക്കാനും അനിവാര്യമാണ്.2018 ജൂണിൽ എഴുത്ത് പരീക്ഷ കഴിയുകയും 2019 ഓഗസ്റ്റിൽ ഷോർട്ട് ലിസ്റ്റ് തയ്യാറായതും 2020 ഫെബ്രുവരിയിൽ ഇന്റർവ്യൂ പൂർത്തിയാക്കിയതുമാണ്. മഴക്കാല രോഗങ്ങൾക്ക് സാദ്ധ്യതയേറിയ അവസരത്തിൽ നിയമനം ത്വരിതപ്പെടുത്തണമെന്ന് സസംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി എന്നിവർ പറഞ്ഞു.