തൊടുപുഴ : "ഈ ഫോണിന് ഒരു സ്പീഡുമില്ല, എന്തെങ്കിലുമാെക്കെ ഡൗൺലോഡ് ചെയ്യണേൽ സമയം കുറേയെടുക്കും". ഇപ്പോൾ ഒട്ടുമിക്ക ഉപഭോക്താക്കളും ഇത്തരമൊരു ചെറുതെന്ന് തോന്നുന്ന വലിയ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. മക്കൾ ഓൺലൈൻ പഠനത്തിലാണെങ്കിൽ എങ്ങനെ അവരുടെ സ്മാർട്ട് ഫോൺ ഹാംഗാകാതെയിരിക്കും. അത്രമാത്രം വർക്കല്ലേ നടക്കുന്നത്.

ഫോട്ടോ, വോയിസ് മെസേജ്, സാധാരണ മെസേജുകൾ, അങ്ങനെ പലതുംവന്ന് ഫോണിൽ നിറയുകയാണ്. ഒരു ക്ളാസ് കഴിയുമ്പോൾതന്നെ ഫോൺ ഹാംഗാകും. ഗുഡ് മോണിഗ് മിസ് എന്ന ഉപചാരവാക്കും താങ്ക്യു മിസും, ഓക്കെ മിസ്സുമൊക്കെ ഫോണിൽ കുന്നുകൂടുകയാണ്. ക്ളാസിനിടെ കുട്ടികൾ ചെയ്യുന്ന വർക്കുകൾ ഫോട്ടോ എടുത്ത് ഇടുകയും ഹോംവർക്കും ഒക്കെയാകുമ്പോൾ ഫോണിന്റെ ഗാലറി നിറഞ്ഞ് തുളുമ്പും. ഇതൊക്ക കുത്തിയിരുന്ന് ഡിലീറ്റ് ചെയ്ത് ഫോൺ ക്ളിയറാക്കൽ രക്ഷിതാക്കളുടെ പ്രധാന ജോലിയായി മാറിയിരിക്കുകയാണ്. ഓൺ ക്ളാസോ അതിന്റെ റിവിഷനോ ഒക്കെ ഞായറാഴ്ചയും നടക്കുന്നതിനാൽ ഫോണിന് ഒരൊഴിവും കിട്ടുന്നില്ല.

സ്വന്തം ഫോൺ മക്കൾക്ക് പഠനാവശ്യത്തിനായി നൽകുന്ന മിക്ക രക്ഷിതാക്കളും ഒന്ന് ഫോൺ ചെയ്യാനോ മെസേജ് അയയ്ക്കാനോ ഒക്കെ കുട്ടികളോട് കെഞ്ചേണ്ട അവസ്ഥയാണിപ്പോൾ. എന്നാൽ കുട്ടികൾക്ക് മാത്രമായിഫോൺ നൽകിയാൽ അനന്തരഫലം എങ്ങനെയാകുമെന്ന ആശങ്കയുള്ളതിനാൽ ആ റിസ്ക്ക് ഏറ്റെടുക്കാതെ ക്ളാസ് കഴിയുംവരെ ഫോണിന് നോക്കിയിരിക്കുകയേ നിർവാഹമുള്ളൂ.