വധുവും വരനും രണ്ട് സംസ്ഥാനക്കാർ
മറയൂർ:വരനും വധുവും രണ്ട് സംസ്ഥാനക്കാരാകുമ്പോൾ എങ്ങനെ അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ പാലിച്ച് കല്യാണം നടത്താം, ഒടുവിൽ സംസ്ഥാന അതിർത്തിയിൽ റോഡ് മംഗല്യവേദിയായി. ചിന്നാർ വന്യജീവി സങ്കേതത്തിൽ മൂന്നാർ മാട്ടുപ്പെട്ടി സ്വദേശികളായ ശേഖറിന്റെയും- ശാന്തയുടെയും മകൾ പ്രിയങ്ക കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശികളായ മൂർത്തി-ഭാഗ്യത്തായി ദമ്പതികളുടെ മകൻ റോബിൻസണിന്റെ ജീവിത സഖിയായത്. മൂന്നാർ റിക്രീയേഷൻ ക്ലബ്ബിൽ മാർച്ച് 22 ന് മുഹൂർത്തം നിശ്ചയിച്ചിരുന്ന വിവാഹം ജനതാ കർഫ്യൂവിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു പിന്നീട് ലോക്ക് ഡൗണും നിയയന്ത്രണങ്ങളും തുടർന്ന് പോകുന്ന സാഹചര്യത്തിൽ വിവാഹം നടത്തുന്നതിന് സമ്പർക്ക വിലക്കിൽ ഇളവ് വരുത്തുകയും ചെയ്തതോടെയാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി വിവാഹ വേദിയാക്കാൻ ഇരുകൂട്ടരും തീരുമാനിച്ചത്. ഇതിന് ആരോഗ്യ, റവന്യു, പൊലീസ് വകുപ്പുകളുടെ അനുമതി ലഭിക്കുകയും ചെയ്തു. എൺപത്തി അഞ്ച് കിലോമീറ്റർ അകലയുള്ള മാട്ടുപ്പെട്ടിയിൽ നിന്നും രാവിലെ തന്നെ വധുവും അടുത്ത ബന്ധുക്കളും സംസ്ഥാന അതിർത്തിയായ ചിന്നാറിലെത്തി . നേരത്തെ തന്നെ കോയമ്പത്തൂരിൽ നിന്നും വരനും അടുത്ത ബന്ധുക്കൾ അടങ്ങുന്ന 12 അംഗ സംഘം ചിന്നാർ പാലത്തിനക്കരെ തമിഴ് നാടിന്റെ ഭാഗത്ത് കാത്തുനിന്നു. വരന് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുവാനുള്ള പാസ്സും വധുവിന് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുവാനുള്ള പാസ്സും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
പിന്നീട് പഴനി- ശബരിമല പാതയിൽ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുൻപിലായി പായ്‌വിരിച്ച് കല്യാണ മണ്ഡപം ഒരുക്കി. വരനും പിതാവും മാത്രം അതിർത്തി കടന്ന് മണ്ഡപത്തിൽ എത്തിയപ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എക്‌സൈസ് ജീവനക്കാർ സാനിറ്റൈസർ നൽകി. തുടർന്ന് തമിഴ് ആചാര പ്രകാരം റോബിൻസൺ പ്രിയങ്കയുടെ കഴുത്തിൽ രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ താലിചാർത്തി പരസ്പരം മോതിരം അണിയിച്ചു.
സാമൂഹ്യ അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുമാണ് വിവാഹം നടന്നത്. വിവാഹ ശേഷം വരനോടൊപ്പം പ്രിയങ്ക മാത്രമാണ് തമിഴ്‌നാട് അതിർത്തിയിലേക്ക് കടന്നത്. ചിന്നാർ എക്‌സൈസ് ചെക്ക് പോസ്റ്റിലേയും വനം വകുപ്പിലേയും ജീവനക്കാരും മറയൂർ പഞ്ചായത്തംഗം ജോമോൻ തോമസ് എന്നിവർ വിവാഹ ചടങ്ങിനാവശ്യമായ സഹായങ്ങൾ ഒരുക്കി നൽകി.