മുട്ടം: കൊവിഡ് പശ്ചാത്തലത്തിൽ കനത്ത മുൻ കരുതൽ സംവിധാനത്തോടെ മുട്ടം ഗവ : പോളിടെകനിക്ക് കോളേജിൽ ആറാം സെമസ്റ്റർ പരീക്ഷക്ക് തുടക്കമായി. പരീക്ഷ ജൂലായ് 6 നാണ് അവസാനിക്കുന്നത്. വിവിധ ബ്രാഞ്ചുകളിലെ പരീക്ഷകൾ രാവിലെ 10 മുതൽ 12.15 വരേയും ഉച്ചകഴിഞ്ഞ് 2 മുതൽ 4.15 വരേയും എന്നിങ്ങനെ രണ്ട് സമയങ്ങളിലാണ് നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ പോളിടെക്നിക്ക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്തിന് സമീപത്തുളള കേന്ദ്രം എന്ന നിലയിൽ മുട്ടം പോളിടെക്നിക്ക് കോളേജിൽ പരീക്ഷ എഴുതുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പോളിടെക്നിക്ക് വകുപ്പിന് കീഴിൽ 35 ൽപരം ബ്രാഞ്ചുകളാണ് നിലവിലുളളതെങ്കിലും മുട്ടം ക്യാമ്പസിൽ പരീക്ഷ എഴുതാൻ 20 ബ്രാഞ്ചുകളിലായി 428 വിദ്യാ ത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില ബ്രാഞ്ചുകളിൽ ഒരാൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അവർക്കുളള സൗകര്യവും കോളേജ് അധികൃതർ ഒരുക്കിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വരുന്ന മുഴുവൻ വിദ്യാർ ത്ഥികളുടേയും താപനില പരിശോധിച്ചതിന് ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ഒരു ബഞ്ചിൽ 2 പേരെയാണ് ഇരുത്തുന്നത്. പനിയുളളവർക്കും വീടുകളിൽ ക്വാറന്റൈനിലുളളവർ ക്കും പരീക്ഷ എഴുതാൻ പ്രത്യേക മുറികൾ ഏർ പ്പെടുത്തിയിട്ടുണ്ട്. കാമ്പസിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ അനുതിയില്ല. വിദ്യാർത്ഥികൾക്കൊപ്പം വരുന്ന രക്ഷകർത്താക്കൾക്ക് വിശ്രമക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേവ്വേറെ ഗേറ്റുകൾ വഴിയാണ് വിദ്യാർഥികൾ പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതും. കൊവിഡ് സുരക്ഷ മുൻകരുതലോടെയാണ് 80 ൽപ്പരം ജീവനക്കാരേയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതും.