ജിംനേഷ്യങ്ങൾ തുറക്കണമെന്ന് ആവശ്യം ശക്തം
തൊടപുഴ: ലോക്ക്‌ഡൗൺ ഇളവുകൾ പ്രാബല്യത്തിലായി ജനജീവിതം ഭാഗികമായെങ്കിലും സാധാരണ നിലയിലാവുകയാണ്. എന്നാൽ സംസ്ഥാനത്ത് ഇനിയും ഹെൽത്ത് ജിംനേഷ്യങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിക്കാത്തത് നിരവധിപേരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രായമായവരടക്കമുള്ള ലക്ഷക്കണക്കിന് പേരാണ് ജിമ്മുകളെ ആശ്രയിക്കുന്നത്. ജിമ്മുകൾ അടച്ചതോടെ ഇവരുടെ വ്യായാമം മുടങ്ങി. ഇതുമൂലം ഇത്തരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി രോഗം കൂടുന്ന അവസ്ഥയാണ്. ജിമ്മുകൾ അടഞ്ഞിട്ട് മൂന്ന് മാസമാകുമ്പോൾ ജീവനക്കാരും ഉടമകളും ജീവിതത്തിന്റെ ഫിറ്റ്‌നസ് നഷ്ടമായ അവസ്ഥയിലാണ്. ജില്ലയിൽ ചെറുതും വലുതുമായി അമ്പതോളം ജിമ്മുകൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗവും സ്വയംതൊഴിൽ എന്ന നിലയിൽ യുവാക്കൾ ആരംഭിച്ചതാണ്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ മുതൽമുടക്കിയവരുണ്ട് ഈ മേഖലയിൽ. ബാങ്ക് വായ്പ എടുത്ത് സ്ഥാപനം തുടങ്ങിയവരുമുണ്ട്. മിക്ക സ്ഥാപനങ്ങളിലും രണ്ട് മുതൽ 10 ജീവനക്കാരുണ്ടാകും. ലോക്ക് ഡൗണിന്റെ ഭാഗമായുള്ള ഒരു സാമ്പത്തിക ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടുമില്ല. കർശനമായ നിബന്ധനകളോടെയെങ്കിലും ഫിറ്റ്‌നസ് സെന്റുകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ അഭിപ്രായം.
വേണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ
നിരവധി പേർ വർക്കൗട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സ്റ്റുഡിയോകളിൽ നിന്ന് കൊവിഡ് പകരാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജിം ഉൾപ്പടെ എല്ലാ സ്ഥലങ്ങളിലും പോകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിയർപ്പ് തുള്ളികളിലൂടെ വൈറസ് പടരില്ല. പക്ഷേ, രോഗബാധിതർ ജിമ്മിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
''ശമ്പളവും വാടകയും നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ജിമ്മുകളുമുള്ളത്. രോഗ വ്യാപനത്തിന് കൂടുതൽ സാദ്ധ്യതയുള്ള ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും വരെ തുറന്ന് പ്രവർത്തിക്കുന്നുണ്ടല്ലോ. സാമൂഹിക അകലം പാലിച്ചും മാനദണ്ഡങ്ങൾക്ക് വിധേയമായും പ്രവർത്തിക്കാൻ അനുവദിക്കണം. ''
- കാർത്തികേയൻ
(ഒളിമ്പിക് ജിം, തൊടുപുഴ)
ഇത്രനാളും ജിം അടഞ്ഞുകിടന്നിട്ട് സർക്കാരിന്റെ യാതൊരു ഇളവുകളോ സഹായങ്ങളോ ലഭിച്ചിട്ടില്ല. നടത്തിപ്പുകാർ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കടക്കെണിയിലാണ്. വായ്പാ തിരിച്ചടവ്, കെട്ടിടവാടക, പരിശീലകർക്ക് ശമ്പളം, വൈദ്യുതി ചാർജ് എന്നിവയടക്കം ഭീമമായ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
-സജിത് റസാഖ് സെക്രട്ടറി (ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷൻ ഒഫ് കേരള)