മറയൂർ: വർഷകാലത്തും ആവശ്യത്തിന് മഴ കിട്ടാതെവന്നതോടെ ശീതകാല കൃഷി താളം തെറ്റുന്നു. പഴംപച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലെ കാർഷിക വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഓണചന്ത ലക്ഷ്യം വെച്ച് ഹെക്ടർ കണക്കിന് പാടങ്ങളിലാണ് കൃഷി ചെയ്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഈ സീസണിൽ പ്രദേശത്ത് ധാരാളം മഴ ലഭിക്കാറുണ്ടായിരുന്നതാണ്. ഇത് പ്രതീക്ഷിച്ചാണ് പരമ്പാരഗതമായി പ്രദേശത്ത് കൃഷി ചെയ്തിരുന്ന കർഷകർ നിലവിൽ ബീൻസ് , ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, പട്ടണി തുടങ്ങിയ വിളകൾ വ്യാപകമായി കൃഷിയിറക്കിയത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. മഴയിൽ മുളപൊട്ടി വളരേണ്ടതിന് ഇതോടെ കാല താമസം നേരിടുകയാണ്. ഇതിന് പരിഹാരമായി ഹോസ്, സ്പിംഗ്ലർ തുടങ്ങിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് കൃഷിക്ക് ജലസേചനം നടത്തിവരുന്നത്. എന്നാൽ അന്തരീക്ഷത്തിലെ താപനില കൂടിയിരിക്കുന്നതും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാലും കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കർഷകരിൽനിന്നും വിട്ടുമാറുന്നില്ല.