തൊടുപുഴ: വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ഇന്ന് ഡിഡിഇ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തും. വലിയൊരു വിഭാഗം കുട്ടികൾ ഇപ്പോളും ഓൺലൈൻ ക്ലാസ്സുകൾക്ക് വെളിയിലാണ്. അവർക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം അദ്ധ്യാപകരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് സർക്കാർ നമിക്കുന്നത്.നിലവിൽ മലയാളം മീഡിയത്തിൽ മാത്രമാണ് ക്ലാസ്സുകൾ ആരംഭിച്ചിട്ടുള്ളത്. ഇംഗ്ലീഷ്, കന്നട, തമിഴ് മീഡിയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതുവരെ ക്ലാസ്സുകൾ തുടങ്ങാൻ സാധിച്ചിട്ടില്ല. നിരവധി പ്രൈമറി സ്‌കൂളുകൾ ഹെഡ്മാസ്റ്റർമാരില്ലാതെ അനാഥാവസ്ഥയിലാണ്.ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പോലും ഇതുവരെ ക്ഷണിച്ചിട്ടില്ലന്ന്കെ.പി.എസ്.ടി.എ ആരോപണം ഉന്നയിക്കുന്നു . ഇന്ന് നടക്കുന്ന ധർണ്ണ കെ.പി.സി.സി ജന.സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ അറിയിച്ചു.