കട്ടപ്പന: ലോക്ക് ഡൗൺ അവസാനിച്ചശേഷം ഭക്ഷണശാലകൾ ഇന്നുമുതൽ തുറക്കുമെങ്കിലും തീൻമേശയിൽ ആശങ്കകളും പ്രതിസന്ധികളും മാത്രം. രണ്ടുമാസത്തെ അടച്ചിടലിൽ ഉണ്ടായ സാമ്പത്തിക ബാദ്ധ്യതയിൽ നിന്നുംകരകയറാൻ ഇനിയുമെത്ര കാലം വേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുകകയാണ് . ഇതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നതും ഹോട്ടലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
പൊതുപരിപാടികൾ ഇല്ലാത്തതും ടൗണുകളിൽ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും ഹോട്ടൽ വ്യവസായത്തെ പിന്നോട്ടടിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ടൗണുകളിൽ തങ്ങുന്ന സ്ഥിതിയില്ല. ഭക്ഷണശാലകളിലും സമൂഹിക അകലം പാലിക്കേണ്ടതിനാൽ പരിധിയിൽ കവിഞ്ഞ് ആളുകളെ പ്രവേശിപ്പിക്കാനുമാകില്ല.
നേരത്തെ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ഭക്ഷണം പാർസൽ നൽകാൻ അനുമതി നൽകിയിരുന്നുവെങ്കിലും പല ഹോട്ടൽ ഉടമകളും നഷ്ടം ഭയന്ന് ഇതിനു തയാറായിരുന്നില്ല. ചിലർ നഷ്ടം സഹിച്ചും സേവന മനോഭാവത്തോടെ പാർസൽ നൽകിവരുന്നു. അടച്ചിടൽ കാലയളവിൽ കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവയടക്കം വൻതുക ഉടമകൾക്കു ചെലവായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ ഹോട്ടലുടമകൾ തന്നെ നിർവഹിച്ചിരുന്നു. ഏതാനും കെട്ടിട ഉടമകൾ മാത്രമാണ് വാടക ഒഴിവാക്കി നൽകിയത്. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം ഉൾപ്പെടെയുള്ളവയ്ക്ക് വില ഉയർന്നു. പോത്തിറച്ചിക്ക് 320 രൂപയും കോഴിയിറച്ചിക്ക് 160 രൂപയുമാണ് വില.
ഇന്നു തുറക്കുന്ന ഹോട്ടലുകളിൽ കഴിഞ്ഞദിവസങ്ങളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും സ്വദേശങ്ങളിലേക്കു മടങ്ങിയതോടെ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും. അതേസമയം വരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും അടച്ചിടേണ്ടിവരുമെന്നും ഹോട്ടലുടമകൾ പറയുന്നു.