കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) പദ്ധതിയുടെ നേതൃത്വത്തിൽ ടി.വി. ചലഞ്ച് സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസം ഓൺലൈൻ സംവിധാനങ്ങളിലൂടെ നടക്കുന്ന സാഹചര്യത്തിൽ പഠനസൗകര്യങ്ങളുടെ അഭാവംമൂലം പ്രയാസപ്പെടുന്ന സഹപാഠികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് എസ്പിസി ഏറ്റെടുത്തിരിക്കുന്നത്. ഭവനങ്ങളിൽ അധികമുള്ളതും എന്നാൽ പ്രവർത്തന ക്ഷമമായതുമായ ടിവി.കൾ, സ്മാർട്ട് ഫോണുകൾ എന്നിവ ശേഖരിച്ച് അർഹരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് എത്തിച്ചു നൽകുക എന്ന കർമ്മമാണ് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രധാനാധ്യാപകൻ സജി മാത്യു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിയോ ചെറിയാൻ, എലിസബത്ത് മാത്യു എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളതും വീട്ടിൽ ഉപയോഗപ്രദമായ അധികമുള്ള റ്റി.വി., സ്മാർട്ട് ഫോൺ എന്നിവയുള്ളവരുമായവർ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഹെഡ്മാസ്റ്റർ സജി മാത്യു അഭ്യർത്ഥിച്ചു. ഫോൺ. 04862262217, 9497279373.