ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക വ്യാപന സാദ്ധ്യത പരിശോധിക്കുന്നതിനായുള്ള റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകൾ ജില്ലയിൽ ഇന്നു മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 500 ടെസ്റ്റ് കിറ്റുകളാണ് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ളത്. പൊതുസമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങളിൽ നിന്നും റാൻഡമായി തെരഞ്ഞെടുത്തവർക്കാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്. ഇതിനായി അഞ്ച് പ്രധാന മേഖലകളിലായി 11 കാറ്റഗറി വിഭാഗങ്ങൾ തിരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പിൽ കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർ, ഇതര ആശുപത്രികളിലെ ജീവനക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ദിനത്തിൽ ഇവർക്കാണ് ടെസ്റ്റ് നടത്തുക. പൊലീസ്, ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഫുഡ് ഡെലിവറി , റേഷൻ കടകൾ , ജനകീയഹോട്ടൽ, ബാർബർ ഷോപ്പുകൾ, ട്രക്ക് ഡ്രൈവർമാരുമായി ഇടപെടുന്നവർ, അതിഥി തൊഴിലാളികൾ, നിരീക്ഷണത്തിലുള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മറ്റ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ ഉൾപ്പെടുന്ന നാലു ടീമുകളെയാണ് ജില്ലയിൽ ടെസ്റ്റ് നടത്താൻ നിയോഗിച്ചിട്ടുള്ളത്. ഓരോ താലൂക്കിലും ഓരോ ലാബ് ഇതിനായി പ്രത്യേകം സജ്ജീകരിക്കും. മണിക്കൂറുകൾക്കുള്ളിൽ റിസൾട്ട് ലഭിക്കുമെന്നതാണ് ആന്റിബോഡി ടെസ്റ്റിന്റെ പ്രത്യേകത.

ജില്ലയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ജില്ലാ കലക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ കലക്ടേറ്റിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സിസിലി ജോസ്, എസ്.പി പി.കെ.മധു, ഡി എം ഒ ഡോ.എൻ. പ്രിയ, ഡെപ്യൂട്ടി ഡി എം ഒ ഡോ.സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ്, ജില്ലാ ലേബർ ഓഫീസർ വി.കെ.നവാസ്, ജില്ലാ സപ്ലൈ ഓഫീസർ അജേന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അജേഷ് റ്റി.ജി, ഡി എം ഒ (ഐ എസ് എം) ഡോ.കെ. പി. ശുഭ, ജോസ് കുഴികണ്ടം തുടങ്ങിയവർ പങ്കെടുത്തു.