തൊടുപുഴ: ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ജീവനക്കാർ ഭൂരിഭാഗവും എത്തിതുടങ്ങിയതോടെ ജില്ലയിലെ സർക്കാർ ആഫീസുകളുടെ പ്രവർത്തനം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഭൂരിഭാഗം ഓഫിസുകളിലും 90 ശതമാനം ജീവനക്കാരും ഇന്നലെ എത്തിയിരുന്നു. തൊടുപുഴ താലൂക്ക് ആഫീസിലെ 95 ജീവനക്കാരിൽ 71 പേർ ഹാജരായി. ഹാജരാകാത്തവരിൽ ഒരാൾ നിരീക്ഷണത്തിലും ബാക്കിയുള്ളവർ അവധിയിലുമാണ്. ജില്ലാ ലേബർ ആഫീസിൽ 19ൽ 15 പേർ ഹാജരായപ്പോൾ സബ് ട്രഷറിയിൽ 16 പേരിൽ 15 പേരും ഹാജരായി. തൊടുപുഴ താലൂക്ക് സപ്ലൈ ആഫീസിൽ 19 പേരിൽ 17 പേരാണ് ഹാജരയത്. ഡി.ഡി.ഇ ആഫീസിൽ 69 പേരിൽ 59 പേർ ഹാജരായി. ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസിൽ 62 പേരിൽ 50 പേർ ഹാജരായി. സബ് റീജീയണൽ ട്രാൻസ്‌പോർട്ട് ആഫീസിൽ 18ൽ പേരിൽ 17 പേരും ഹാജരായി. ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം/സെറിബ്രൽ പാൾസി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയും അവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം. ശനിയാഴ്ച ആഫീസുകൾ പ്രവർത്തിക്കില്ല.

ആരാധനാലയങ്ങൾക്ക് ആശയകുഴപ്പം

ഇന്ന് മുതൽ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഇന്ന് മുതൽ തുറക്കും. ക്ഷേത്രസംരക്ഷണസമിതിക്ക് കീഴിലുള്ള ക്ഷേത്രങ്ങൾ തത്കാലം തുറക്കേണ്ടെന്നാണ് തീരുമാനം. ട്രസ്റ്റിന് കീഴിലുള്ള തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആദ്യം തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. നിലവിലെ സാഹചര്യത്തിൽ തത്കാലം തുറക്കേണ്ടതില്ലെന്നാണ് ക്ഷേത്രം ഉപദേശകസമിതിയുടെയും ട്രസ്റ്റിന്റെയും തീരുമാനം. ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്‌റൈൻ ഒഫ് ഹോളി മേരി തത്കാലം തുറക്കില്ലെന്നു റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു. സർക്കാർ നിർദേശങ്ങൾക്ക് വിധേയമായി മുസ്ലിംപള്ളികൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയിലെ ഭൂരിഭാഗം പള്ളികളും തുറക്കാനിടയില്ല. തൊടുപുഴയിൽ സെൻട്രൽ ജുമാ- മസ്ജിദ് തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കാരിക്കോട് നൈനാര് പള്ളി തുറക്കും. ജമാഅത്ത് നമസ്കാരം ഉണ്ടാകുമെങ്കിലും വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരം ഉണ്ടാകില്ല. ഇന്ന് തുറക്കുന്ന ആരാധനാലയങ്ങളെല്ലാം ഇന്നലെ അണുവിമുക്തമാക്കി.

ഭക്ഷണശാലകൾ ഇന്ന് മുതൽ

ഭക്ഷണശാലകളിൽ ഇന്ന് മുതൽ കർശന നിബന്ധനകളോട് ഇരുന്ന് ഭക്ഷണം കഴിക്കാം. സാമൂഹ്യ അകലം പാലിച്ച് വേണം മേശകൾ ക്രമീകരിക്കാൻ, പാത്രങ്ങളും ഗ്ലാസുകളും ഓരോ തവണയും ചൂടുവെള്ളത്തിൽ കഴുകണം, ഭക്ഷണം വിളമ്പുന്നവർ മാസ്കും കൈയുറയും ധരിക്കണം തുടങ്ങിയ നിയന്ത്രണങ്ങളോടെ വേണം റസ്റ്റോറന്റുകൾ തുറക്കാൻ. നിലവിൽ ഭക്ഷണശാലകളിൽ നിന്ന് പാഴ്സലുകൾ നൽകുന്നുണ്ടായിരുന്നു. ഇന്നലെ തന്നെ മിക്ക റസ്റ്റോറന്റുകളും അണുവിമുക്തമാക്കി സീറ്റുകൾ അകലം പാലിച്ച് ക്രമീകരിച്ചു.