plant

തടഞ്ഞത് ബയോ കൺവെർട്ടർയൂണിറ്റുമായി വന്ന വാഹനം

കൗൺസിലർ സെക്രട്ടറിയെ തടഞ്ഞുവച്ചു


പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ പുളിയൻമലയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സ്ഥാപിക്കാനായി ബയോ കൺവെർട്ടർ യൂണിറ്റുമായി വന്ന ലോറി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നഗരസഭ കാര്യാലയത്തിനു സമീപത്തായി സ്ഥാപിച്ചിരുന്ന യൂണിറ്റ് ഇന്നലെ രാവിലെയാണ് വാഹനത്തിൽ പുളിയൻമലയിലെത്തിച്ചത്. എന്നാൽ മലീനകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശം പാലിക്കാതെയാണ് ഇവിടെ മാലിന്യ നിർമാർജനം നടത്തുന്നതെന്നു ആരോപിച്ച് നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് കൗൺസിലർ എം.സി. ബിജുവിന്റെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലെത്തി സെക്രട്ടറിയെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. ഇതിനിടെ യൂണിറ്റ് സ്ഥാപിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കട്ടപ്പന ഡിവൈ.എസ്.പിക്ക് സെക്രട്ടറി കത്ത് നൽകി. യൂണിറ്റിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാതെ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെയാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്നും എം.സി. ബിജു ആരോപിച്ചു. മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് തകർന്ന കെട്ടിടത്തിന്റെ സമീപത്താണ് പുതിയ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. മാലിന്യം കത്തിക്കുമ്പോൾ ഉയരുന്ന പുക പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. യൂണിറ്റിനോടു ചേർന്നുള്ള അറവുശാലയിൽ നിന്നുള്ള മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നതായും ആക്ഷേപമുണ്ട്. നിലവിലുള്ള മാലിന്യപ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.


യൂണിറ്റ് സ്ഥാപിക്കൽ
സമ്പൂർണ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട്

കട്ടപ്പന: കട്ടപ്പന നഗരസഭയിൽ സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായാണ് ജൈവ മാലിന്യം സംസ്‌കരിച്ചു വളമാക്കുന്ന ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് ഭരണസമിതി. മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ കൗൺസിൽ അംഗീകാരത്തോടെ വാങ്ങിയ യൂണിറ്റ് വാഹനത്തിൽ നിന്നു ഇറക്കാൻ സമ്മതിക്കാതെ കൗൺസിലറുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് ജൈവാവശിഷ്ടങ്ങൾ ബയോ കൺവെർട്ടറിലും പ്ലാസ്റ്റിക് മാലിന്യം ഷ്രഡ്ഡിംഗ് യൂണിറ്റിലും സംസ്‌കരിക്കാനും മറ്റുള്ളവ ഏജൻസികൾക്കു കൈമാറാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ബാക്കി വരുന്നവ കത്തിക്കാൻ ഇൻസിനേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു.