elephant
മൂന്നാറിൽ കടകൾ തകർക്കുന്ന കാട്ടാനകൾ

 നാല് കടകൾ തകർത്തു  എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

മൂന്നാർ: മൂന്നാർ ടൗണിലിറങ്ങിയ രണ്ട് കാട്ടാനകൾ നാട് കടകൾ തകർത്തു. രൂക്ഷമായ കാട്ടാന ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാർ- ഉടുമൽപേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചു. ഞായറാഴ്ച എട്ടരയ്ക്കാണ് പടയപ്പ, ഗണേശൻ എന്നീ പേരുകളിലുള്ള കാട്ടാനകളാണ് ടൗണിൽ വിളയാടിയത്. പഴക്കടമാർക്കറ്റിലെ ദുരെരാജ്, കാളിദാസ് എന്നിവരുടൈ പഴക്കടകളും അജ്ഞലയുടെ പൂക്കട, ചെല്ലതായുടൈ പച്ചക്കറികട എന്നിവയാണ് ആനകൾ തകർത്തത്. ഒരു മണിക്കൂറിന് ശേഷം വനം വകുപ്പ് ദ്രുതകർമ സേനയെത്തിയാണ് കാട്ടാനകളെ ഓടിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ മൂന്നാർ ടൗണിൽ സന്ധ്യ കഴിഞ്ഞാൽ കാട്ടാന ശല്യം രൂക്ഷമാണ്. പഴവും​ പച്ചക്കറികളും തിന്നുന്നതിന് കടകൾ തകർക്കുന്നത് നിത്യസംഭവമാണ്.

ഒരു മണിക്കൂർ ഉപരോധം

ഇന്നലെ രാവിലെ 9.30 മുതൽ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തെ തുടർന്ന് മൂന്നാർ- ഉടുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായി നിലച്ചു. പൊലീസിന്റെ നേതൃത്വത്തിൽ സമരക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരവികുളം അസി. വാർഡൻ ജോബ്. ജെ. നേര്യംപറമ്പിൽ എം.എൽ.എയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. ടൗണിൽ ആനകൾ എത്താതെ തടയുന്നതിനായി പ്രത്യേകമായി വനം വകുപ്പ് ജീവനക്കാരെ നിയമിക്കാനും വ്യാപാരികളുടെ നഷ്ടം നൽകാനും ചർച്ചയിൽ തീരുമാനിച്ചു. കാട്ടാനകൾ മൂന്നാർ ടൗണിലെത്തുന്നത് കണ്ടെത്തി തടയുന്നതിന് സി.സി ടി.വിയുടെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി രമേഷ് കുമാറും ഉറപ്പ് നൽകി.