തൊടുപുഴ: കാലവർഷം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി വരുന്ന നാലുദിവസം ഇടുക്കിയുൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച വരെ ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ജില്ലയിൽ യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. ഇന്നലെ രാവിലെയും വൈകിട്ടും ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ ലഭിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ കാര്യമായ മഴ പെയ്തിരുന്നില്ല.
ഡാമുകളിൽ മഴ കുറവ്
കാലവർഷം ഇതുവരെ ശക്തിപ്രാപിക്കാത്തതിനാൽ ജില്ലയിലെ അണക്കെട്ടുകളിൽ ഇതുവരെ കാര്യമായ മഴ ലഭിച്ചിട്ടില്ല. അതിനാൽ ജൂൺ ഒന്നിന് ശേഷം ഡാമുകളിലെ ജലനിരപ്പ് കുറയുകയാണുണ്ടായത്. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2335.52 അടിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരണമാണിത്. സംഭരണശേഷിയുടെ 34 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 2309.72 അടിയായിരുന്നു ജലനിരപ്പ്. രണ്ടാഴ്ച മുമ്പ് വരെ നിലവിലെ ജലനിരപ്പിനേക്കാൾ ഏഴടിയിലേറെ ജലമുണ്ടായിരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ രണ്ട് ദിവസമായി കാര്യമായ മഴ ലഭിക്കുന്നില്ല. 3.26 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജലമാണ് നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2373 അടിയിലെത്തിയാൽ ജലം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് നേരത്തെ മന്ത്രി എം.എം. മണി പറഞ്ഞിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.6 അടിയാണ്.