തൊടുപുഴ: അടിക്കടിയുള്ള വൈദ്യുതി മുടക്കം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് വിലങ്ങുതടിയാകുന്നു. തൊടുപുഴ മേഖലയിൽ വേനൽക്കാലം മുതൽ ആരംഭിച്ച വൈദ്യുതി മുടക്കം മഴക്കാലമായതോടെ കൂടി. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി മിനിട്ടുകളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തിലാണ് വൈദ്യുതി പോവുകയും വരികയും ചെയ്യുന്നത്. ഇതുമൂലം വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസ് കാണാൻ പലപ്പോഴും സാധിക്കുന്നില്ല. മാത്രമല്ല സ്കൂളിൽ നിന്ന് നേരിട്ടുള്ള ഓൺലൈൻ ക്ലാസിലും പങ്കെടുക്കാൻ സാധിക്കുന്നില്ല.
തൊടുപുഴ ടൗണിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള പെരുമ്പിള്ളിച്ചിറ, ഇടവെട്ടി, മണക്കാട്, പഴുക്കാകുളം, കുമാരമംഗലം, തെക്കുംഭാഗം പ്രദേശങ്ങളിലുള്ളവരാണ് വൈദ്യുതിമുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒരു ദിവസം പത്തിലേറെ തവണ വരെ വൈദ്യുതി മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതോടൊപ്പം മഴക്കാലം ആരംഭിച്ചതോടെ കൃത്യമായി ടച്ച് വെട്ടാത്തതിനാൽ ലൈൻ കമ്പികൾ പൊട്ടുന്നതും പതിവായിട്ടുണ്ട്.
കാറ്റ് വീശിയാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. അടിക്കടിയുള്ള വൈദ്യുതി മുടക്കം ചെറുകിട ഫാക്ടറികളുടെയും മില്ലുകളുടെയും പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ രാവിലെ വൈദ്യുതി പോയാൽ ഉച്ചകഴിഞ്ഞാകും വരിക. നിരവധി തവണ പരാതി പറഞ്ഞിട്ടും ഇതുവരെ ഒരു പരിഹാരവും കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പലതരത്തിലുള്ള അറ്റകുറ്റപണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്.
വില്ലനായി...
ലോക്ക് ഡൗൺ മൂലം സ്കൂളുകളിൽ പഠനം നടത്താനാവാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തെ ആശ്രയിക്കുമ്പോൾ വില്ലനായാണ് വൈദ്യുതി കടന്ന് വരുന്നത്. എപ്പോൾ വരും എപ്പോൾ പോകും എന്നറിതാനാവാത്ത അവസ്ഥ. ഇപ്പോൾ ടി. വി യിലൂടെയും സ്മാർട്ട്ഫോണുകളിലൂടെയും ക്ളാസ് കേൾക്കുന്നവർക്ക് വൈദ്യുതി മുടങ്ങുന്നത് സൃഷ്ടിക്കുന്ന അലോസരം ചില്ലറയല്ല.