മൂലമറ്റം: പവ്വർ ഹൗസിൽ സ്വീപ്പർമാരെ നിയമിക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി പരാതി. മൂലമറ്റം സർക്കിളിൻ്റെ കീഴിലുള്ള വൈദ്യുതി നിലയത്തിലേക്ക് നടത്തുന്ന കരാർ നിയമനങ്ങളിൽ പവർ ഹൗസ് അധികൃതരുടെ വേണ്ടപ്പെട്ടവരേയും ഭരണകക്ഷി അനുഭാവികളേയുമാണ് നിയമിക്കുന്നതെന്നാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. ശൂചീകരണ ജോലി ചെയ്യുന്നതിന് മൂന്ന് വർഷത്തെ മുൻ പരിചയം വേണമെന്നാണ് വ്യവസ്ഥയെങ്കിലും അതെല്ലാം കാറ്റിൽ പറത്തി യാതൊരു മുൻപരിചയവും ഇല്ലാത്തവരെയാണ് ഇവിടെ തിരുകി കയറ്റുന്നതെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പവർ ഹൗസിലെ തൊഴിലാളികൾ സംഘടിച്ച് വൈദ്യുതി മന്ത്രിക്കും വിജിലെൻസിനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വിജിലെൻസ്‌ അന്വേഷണത്തിന് എത്തിയപ്പോൾ മൂന്ന് വർഷത്തെ മുൻ പരിചയം ആവശ്യമില്ലന്നാണ് പവർ ഹൗസ് അധികൃതർ വിജിലൻസിനോട് പറഞ്ഞത്. പിന്നീട് തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി നൽകി. ഇതേ തുടർന്ന് ലേബർ ഓഫീസിൽ നിന്ന് അന്വേഷണത്തിന് എത്തിയവരോടും സ്വീപ്പർ ജോലിക്ക് മുൻപരിചയം ആവശ്യമില്ലന്നാണ് പവർ ഹൗസ് അധികൃതർ അറിയിച്ചത്. സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട് പവർ ഹൗസ് അധികൃതർ നടത്തുന്ന അഴിമതികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ വൈദ്യുതി ബോർഡ് ചെയർമാനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.