house
കാറ്റിനെ പ്രതിരോധിക്കാൻ ആദിവാസിക്കുടികളിൽ കാട്ടുമരച്ചില്ലകളും കമ്പും ഉപയോഗിച്ച് കാറ്റ് മറനിർമ്മിച്ചപ്പോൾ

മറയൂർ: ശീതകാറ്റിനെപ്രതിരോധിക്കാൻ ആദിവാസിക്കുടികളിൽ കാറ്റ്മറ നിർമ്മാണം സജീവമായി. വരാനിരിക്കുന്ന ശീതക്കാറ്റിനെ മുന്നിൽക്കണ്ടാണ് കാട്ടുമരച്ചില്ലകളും കമ്പും ഉപയോഗിച്ച് കാറ്റ് മറയുണ്ടാക്കുന്നത്. കേരളത്തിൽ മൺസൂൺ മഴതിമിർത്ത് പെയ്യുമ്പോൾ മഴനിഴൽ പ്രദേശമായ മറയൂരിൽ ശക്തമായ കാറ്റ് മാത്രമാണ് ലഭിക്കുന്നത്. മറയൂർ കാന്തല്ലൂർ മേഖലയിലെ മലനിരകളികളിലായി മുപ്പത്തിരണ്ടോളം ആദിവാസികുടികളാണുള്ളത്. കുന്നുകളുടെ ചരുവിലായി തട്ട് തട്ടായുള്ള ഇടങ്ങളിലായാണ് ഇവരുടെ വീടുകൾ . മണ്ണും പുല്ലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആദിവാസികളുടെ വീടുകൾ ഈ ഭാഗത്തെ ശക്തമായ കാറ്റിലും മഞ്ഞിലും മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഭിത്തിയുടെ മണ്ണ് ഒലിച്ച് പോകാനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലായാണ് ഇവർ കാറ്റ് മറയുണ്ടാക്കുന്നത് . കാറ്റ് ശക്തമായി വീശാൻ സാദ്ധ്യതയുള്ള ഭാഗത്ത് വീടിന് സമീപത്തായി എട്ട് മുതൽ പത്ത് അടി വരെ ഉയരത്തിൽ കാട്ട് കമ്പുകളും അവയുടെ ചില്ലകളും ഉപയോഗിച്ചാണ് കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വേലി നിർമ്മിച്ച് വരുന്നത്.
ആദിവാസികൾ അവരുടെ തനത് ശൈലികൾ നൂറ്റാണ്ടുകളായി അവലംബിച്ച് വരുന്ന രീതിയാണ് ഇതെന്നും കാറ്റിനെ തടയാൻ ചെലവില്ലാതെ നടപ്പാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവും നിലവിലില്ലെന്ന് ആദിവാസി മൂപ്പൻ പറഞ്ഞു.