കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അക്രമി അടിച്ചുതകർത്തു. സംഭവത്തിൽ കട്ടപ്പന തെക്കേമുറിയിൽ കുഞ്ഞുമോനെ(38) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ഇയാൾ മദ്യലഹരിയിൽ ഓഫീസിലെത്തി അതിക്രമം കാട്ടിയത്. ഓഫീസിലുണ്ടായിരുന്ന ഇൻസ്‌പെക്ടർക്കുനേരെ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ കുഞ്ഞുമോൻ സ്ഥലത്തുനിന്നു പോയി. പൊലീസ് പോയിക്കഴിഞ്ഞ് വീണ്ടുമെത്തിയ ഇയാൾ ഓഫീസ് കൗണ്ടറിന്റെ ഗ്ലാസുകളും ഫർണിച്ചറുകളും തകർക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ബൈക്കിൽ കറങ്ങിനടന്ന ഇയാളെ വൈകുന്നേരത്തോടെ നഗരത്തിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാത്രി എട്ടുമുതൽ രാവിലെ ആറുവരെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം കളക്ഷൻ സെന്ററിനു സമീപത്തെ മുറിയലേക്കു മാറ്റാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
മദ്യലഹരിയിൽ ഇയാൾ ബസ് സ്റ്റാൻഡ് പരിസരത്ത് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.