തൊടുപുഴ: കാർഡുടമയ്ക്ക് സാധനങ്ങൾ നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കട സസ്‌പെൻഡ് ചെയ്തു. വണ്ണപ്പുറം എസ്.എൻ.എം ഹയർസെക്കൻഡറി സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന എ.ആർ.ഡി 157-ാം നമ്പർ റേഷൻകടയാണ് താലൂക്ക് സപ്ലൈ ഓഫീസർ സസ്‌പെൻഡ് ചെയ്തത്. ബി.പി.എൽ കാർഡുടമയായ ഉപഭോക്താവിന് നൽകിയ അരിയിൽ കുറവു വരുത്തുകയും ഗോതമ്പ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച കടയിൽ റേഷൻ വാങ്ങാനെത്തിയ കാർഡ് ഉടമയായ പള്ളിപ്പറമ്പിൽ അനിലിന് ബില്ലിൽ രേഖപ്പെടുത്തി നൽകിയത് 26 കിലോ അരിയായിരുന്നു. എന്നാൽ പിന്നീട് തൂക്കി നോക്കിയപ്പോൾ 24 കിലോ അരി മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ മറ്റു സാധനങ്ങൾ നൽകിയതിലും കുറവു കണ്ടെത്തി. ഇതോടെ കാർഡ് ഉടമയും നാട്ടുകാരും റേഷൻ കടയിൽ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കാളിയാർ പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ ടി. വിൽഫ്രഡിന്റെ നേതൃത്വത്തിലുള്ള സംഘം കടയിൽ പരിശോധന നടത്തിയതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. പരാതിക്കാരനായ കാർഡുടമയ്ക്ക് പുറമെ മറ്റ് മൂന്നു പേർ കൂടി ലൈസൻസിക്കെതിരെ മൊഴി നൽകി. ഇന്നലെ അധികൃതർ കടയിൽ നടത്തിയ പരിശോധനയിൽ സാധനങ്ങളുടെ സ്റ്റോക്കിലും വ്യത്യാസം കണ്ടെത്തി. ഇവിടെയുള്ള കാർഡുടമകൾക്ക് അടുത്തു തന്നെയുള്ള റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.