മൂന്നാർ: സൂര്യനെല്ലി പോസ്റ്റ്ആഫീസിന് സമീപമുള്ള പലചരക്കുകട ഒറ്റയാൻ തകർത്തു. തിങ്കളാഴ്ച അർധരാത്രി എത്തിയ കാട്ടാന സൂര്യനെല്ലി സ്വദേശി ചന്ദ്രന്റെ പലചരക്ക് കടയാണ് തകർത്തത്. കടയിൽ സൂക്ഷിച്ചിരുന്ന 50 കിലോയോളം അരിയും പച്ചക്കറിയും ആന അകത്താക്കി. കട തകർക്കുന്ന ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഒരു മാസം മുമ്പ് ആനയിറങ്കലിൽ റേഷൻ കട തകർത്ത് രണ്ട് ചാക്ക് അരി ഭക്ഷിച്ച അരി കൊമ്പൻ എന്ന് വിളിക്കുന്ന ആന തന്നെയാണ് കട തകർത്തതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വർഷം മുമ്പും ചന്ദ്രന്റെ കട ഇതുപോലെ കാട്ടാന തകർത്തിരുന്നു. എന്നാൽ നഷ്ടപരിഹാരമായി യാതൊരു തുകയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ചന്ദ്രൻ പരാതിപെട്ടു. മൂന്നാർ മേഖലയിലെ ജനവാസമേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ച് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു.